പണി പാളിയെന്ന് മനസ്സിലായപ്പോഴാണ് മാപ്പ് പറഞ്ഞത്: രമേശ് നാരായണ്‍ ചെയ്തത് തെറ്റെന്നും ധ്യാന്‍ ശ്രീനിവാസന്‍
കൊച്ചി: സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ പൊതുവേദിയില്‍ വെച്ച് ചലച്ചിത്ര താരം ആസിഫ് അലിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. രമേശ് നാരായണ്‍ ചെയ്തത് തെറ്റാണെന്നും പൊതുവേദിയില്‍ ഒരാളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ലെന്നും ധ്യാന്‍ പറഞ്ഞു. പണി പാളിയെന്ന് മനസ്സിലായപ്പോള്‍ രമേശ് മാപ്പു പറഞ്ഞു. എന്നാല്‍ അത് മനസ്സില്‍ തട്ടി പറഞ്ഞതുപോലെ തോന്നിയില്ലെന്നും ഇത്തരം ആളുകളെ ആസിഫ് ചെയ്തതു പോലെ ചെറിയ ചിരിയില്‍ ഒതുക്കുകയാണ് വേണ്ടതെന്നും ധ്യാന്‍ പ്രതികരിച്ചു.
''ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് രമേഷ് നാരായണനും ആസിഫ് അലിയും. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ രമേഷ് നാരായണന്‍ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് മാറിവിളിക്കുകയും വേദിയിലേക്ക് ക്ഷണിക്കാതെയാണ് പുരസ്‌കാരം നല്‍കിയതെന്നും പറഞ്ഞു. ഇതിന്റെ മനോ വിഷമത്തിലാണ് ആസിഫിനെ ശ്രദ്ധിക്കാതിരുന്നതെന്ന് അദ്ദേഹം വിശദീകരണം നല്‍കുന്നു. എന്നാല്‍ തനിക്ക് മോശം അനുഭവം നേരിട്ടെന്നുവച്ച് അത് മറ്റൊരാളോട് കാണിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. പൊതുവേദിയില്‍ ഒരാളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല. രാത്രിയായപ്പോഴേക്ക് പണി പാളിയെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം മാപ്പു പറഞ്ഞു. പക്ഷേ അതുകൊണ്ട് കാര്യമില്ലല്ലോ. അത് മനസ്സില്‍ തട്ടി പറഞ്ഞതുപോലെ തോന്നിയതുമില്ല. ചെയ്തത് തെറ്റ് തന്നെയാണ്. അത്തരം ആളുകളെ ആസിഫ് ചെയ്തതു പോലെ ചെറിയ ചിരിയില്‍ ഒതുക്കുക. അത്രയേ ചെയ്യാനുള്ളൂ'' -ധ്യാന്‍ പ്രതികരിച്ചു.
എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങള്‍' ആന്തോളജി സീരിസിന്റെ ട്രെയിലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടന്‍ ആസിഫ് അലി ആയിരുന്നു പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ രമേശ് നാരായണന്‍ വിമുഖത കാണിച്ചു. ആസിഫ് വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തില്‍നിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയില്‍ ഇല്ലാതിരുന്ന സംവിധായകന്‍ ജയരാജനെ സദസ്സില്‍നിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ജയരാജ് പുരസ്‌കാരം നല്‍കുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന്‍ ചിരിച്ചുകൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല. സംഭവം വിവാദമായതോടെ രമേശ് നാരായണന്‍ വിശദീകരണം നല്‍കിയിരുന്നു. ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്