സംവിധായകൻ എം മോഹൻ അന്തരിച്ചു
മലയാള ചലച്ചിത്ര സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1980-കളിൽ മലയാള സിനിമയുടെ നവഭാവുകത്വത്തിലേക്കു വഴികാട്ടിയ വലിയ പ്രതിഭകളിൽ ഒരാളായ അദ്ദേഹം, 23 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. "വിടപറയും മുമ്പേ," "ശാലിനി," "ഇളക്കങ്ങൾ" "രണ്ട് പെണ്‍കുട്ടികള്‍" തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ സംഭാവനകളാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളജിൽ ബികോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. 1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസന്റിനെ സിനിമയിലെത്താൻ സഹായിച്ചതും മോഹനാണ്. പിന്നീട് ഇന്നസന്റുമായി ചേര്‍ന്ന് ചില ചിത്രങ്ങളും നിര്‍മിച്ചു. എം മോഹന്റെ അന്ത്യം മലയാള സിനിമാ ലോകത്തിന് കനത്ത നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ സംഭാവനകൾ, ചലച്ചിത്രപ്രേമികളുടെ ഹൃദയത്തിൽ എന്നും നിലനിൽക്കും. നടിയും നർത്തകിയുമായ അനുപമയാണ് ഭാര്യ. മക്കൾ: പുരന്ദര്‍, ഉപേന്ദര്‍