പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.ശ്രീജിത്തിനെ ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിനെ പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന്‍ എഡിജിപി ആയി സ്ഥലംമാറ്റി. പുതിയ ഗതാഗത കമ്മിഷണർ ക്രൈംബ്രാഞ്ച് ഐജി എ.അക്ബറാണ്. ബവ്റിജസ് കോർപറേഷൻ എംഡി യോഗേഷ് ഗുപ്തയെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. കൂടാതെ വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതല കൂടി അദ്ദേഹം വഹിക്കും. പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയെ ബവ്റിജസ് കോർപറേഷൻ എംഡിയാക്കി.
സി.എച്ച്.നാഗരാജുവാണ് പുതിയ ക്രൈംബ്രാഞ്ച് ഐജി. പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ സിഎംഡിയായിരുന്നു. ക്രൈംബ്രാഞ്ച് ഡിഐജി ജെ.ജയനാഥ് പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ സിഎംഡിയാകും. തൃശൂർ റേഞ്ച് ഡിഐജി അജിതാബീഗത്തെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. കണ്ണൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂർ റേഞ്ച് ഡിഐജിയാക്കി. സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാന്‍റെ അധിക ചുമതല വഹിക്കും.