For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരോടുള്ള വിവേചനം അവസാനിപ്പിക്കണം: ചവറ ജയകുമാര്‍

01:27 PM Nov 04, 2024 IST | Online Desk
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരോടുള്ള വിവേചനം അവസാനിപ്പിക്കണം  ചവറ ജയകുമാര്‍
Advertisement

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പില്‍ ജോലി ചെയ്യുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ശമ്പളവും ലീവും കവര്‍ന്നെടുക്കുന്ന തരത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പുറപ്പെടുവിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും വി.ഇ.ഒ മാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും കേരള എന്‍.ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു.ബ്‌ളോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലാണ് വി.ഇ.ഒ മാര്‍ ജോലി ചെയ്യുന്നത്. ശമ്പളവും മറ്റ് സര്‍വ്വീസ് കാര്യങ്ങളും ഇതേ ഓഫീസിലാണ് നടത്തേണ്ടത്. അതു കൊണ്ടുതന്നെ പ്രവൃത്തി ദിനങ്ങളില്‍ അതാത് ഓഫീസുകളിലെത്തി ഹാജര്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

Advertisement

എന്നാല്‍ 30-10-24 ല്‍ തദ്ദേശ വകുപ്പിലെ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ പ്രകാരം വി.ഇ.ഒ മാര്‍ ബ്‌ളോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏത് പഞ്ചായത്തിലാണോ ജോലി ചെയ്യുന്നത് ആ പഞ്ചായത്തില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും മാസാമാസം ഹാജറിന്റെ പകര്‍പ്പ് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും സാക്ഷ്യപ്പെടുത്തി വാങ്ങി ബ്‌ളോക്ക് പഞ്ചായത്തില്‍ നല്‍കി ശമ്പളം വാങ്ങണമെന്നുമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. വി.ഇ.ഒ മാര്‍ക്ക് ആകസ്മിക അവധി നല്‍കാനുള്ള ചുമതലയും പഞ്ചായത്തിന് കൈമാറിയിരിക്കുകയാണ്. എല്‍.എസ്.ജി.ഡി വകുപ്പ് രൂപീകരിച്ചതോടെ വി.ഇ.ഒ തസ്‌കികയിലുള്ളവര്‍ക്ക് കടുത്ത വിവേചനമാണ് നേരിടേണ്ടി വരുന്നത്. ഇന്റഗ്രേഷന്റെ ഭാഗമായി വി.ഇ.ഒ തസ്തികയിലുള്ളവര്‍ക്ക് സമാന തസ്തികകളിലേയ്ക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയിട്ടില്ല. ജോബ് ചാര്‍ട്ടും പരിഷ്‌ക്കരിച്ചിട്ടില്ല. ഫീല്‍ഡ് തലത്തില്‍ വലിയ ജോലി സമ്മര്‍ദ്ദമാണ് വി.ഇ.ഒ മാര്‍ നേരിടേണ്ടി വരുന്നത്.

ഫീല്‍ഡ് തലത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ മാതൃ ഓഫീസിനു പുറമേ പഞ്ചായത്തുകളിലെ മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ പുറത്ത് പോകാവൂ എന്ന നിര്‍ദ്ദേശവും അംഗീകരിക്കാനാവില്ല. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലുള്ളവരെ അകാരണമായി ദ്രോഹിക്കുന്ന ഈ സര്‍ക്കുലര്‍ പിന്‍വലിക്കണം. ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സഹിഷ്ണതയോടെ പഠിക്കാന്‍ വകുപ്പ് തയ്യാറാകണം.കരാര്‍ ജോലി ചെയ്യുന്നവരെപ്പോലെ ജോലി ചെയ്തതിന്റെ സാക്ഷ്യപത്രം വാങ്ങിയതിന് ശേഷമേ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയൂ എന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.

അഞ്ചു വകുപ്പുകളെ അശാസ്ത്രീയമായി കൂട്ടിച്ചേര്‍ത്ത് എല്‍.എസ്.ജി.ഡി വകുപ്പ് ഉണ്ടാക്കിയതോടെ അതാത് വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ശമ്പളവും, പി.എഫും, പ്രൊമോഷനുമെല്ലാം അവതാളത്തില്‍ ആയിരിക്കുകയാണ്. ജീവനക്കാരെ വിശ്വാസത്തില്‍ എടുക്കാത്ത സര്‍ക്കുലര്‍ പിന്‍വലിക്കണം.മറ്റ് എല്ലാ വകുപ്പിലുമുള്ള ജീവനക്കാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ എല്‍.എസ്.ജി.ഡി വകുപ്പിലെ ജീവനക്കാര്‍ക്കും ലഭിക്കണം.
വി.ഇ.ഒ മാരോടുള്ള വിവേചനം അവസാനിപ്പിച്ച് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.