മണിപ്പുർ ബിജെപിയിൽ ഭിന്നത; മുഖ്യമന്ത്രിയുടെ യോഗത്തില്‍ വിട്ടുനിന്ന് 19 എംഎല്‍എമാർ
ഇംഫാൽ: മണിപ്പുരിൽ മുഖ്യമന്ത്രി ബീരേൻ സിങിന്റെ യോഗത്തില്‍നിന്ന് വിട്ടുനിന്ന് 19 ബിജെപി എംഎല്‍എമാർ. കലാപം രൂക്ഷമായിരിക്കുന്ന സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും അക്രമകാരികള്‍ക്കെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും വിളിച്ച യോഗമാണ് 37 ബിജെപി എംഎല്‍എമാരില്‍ 19 പേരും ബഹിഷ്കരിച്ചത്. ഇതോടെ സംസ്ഥാനത്തെ ബിജെപിയിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ജിരിബാമില്‍ കുക്കികള്‍ ബന്ദികളാക്കിയ മെയ്തി കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള പ്രമേയം പാസാക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. യോഗം ബഹിഷ്കരിച്ചവരില്‍ ഇരുവിഭാഗത്തിലുംപെട്ട മന്ത്രിമാരടക്കമുള്ള എം.എല്‍.എമാർ ഉള്‍പ്പെടുന്നു. ഇവരോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോർട്ടുകള്‍.