ഡി എല്‍ എഫ് ഫ്ളാറ്റ് വയറിളക്ക ബാധ: വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും
കൊച്ചി: ഡി എല്‍ എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച സംഭവത്തില്‍ വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും.വയറിളക്ക ബാധ ഉണ്ടായ കാക്കനാട് ഡി എല്‍ എഫ് ഫ്‌ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍ അളവിന്റെ പരിശോധന ദിവസം രണ്ടു നേരം തുടരും.വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസിന്റെ അദ്ധ്യക്ഷതയില്‍ ഫ്‌ലാറ്റ് നിവാസികളുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന ഫ്‌ലാറ്റ് നിവാസികളുടെ സംശയങ്ങള്‍ ദൂരികരിച്ചു.
യോഗത്തില്‍ എറണാകുളക് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മൈക്രോബയോളജി വിഭാഗം മേധാവികളും പങ്കെടുത്തു. നടപടികളുടെ ഏകോപനത്തിന് കാക്കനാട് കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇന്ന് എട്ടു ഫ്‌ളാറ്റുകളില്‍ നിന്നു പരിശോധിച്ച വെള്ളത്തില്‍ ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതുവരെ 495 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗലക്ഷണം കണ്ടെത്തിയത്.