Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’; ക്വിറ്റ് ഇന്ത്യ ദിനം

11:45 AM Aug 09, 2024 IST | Online Desk
Advertisement

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ വരെ അടിയറവ് വെപ്പിച്ച, അത്യുജ്വല സ്വാതന്ത്ര്യസമര പോരാട്ടത്തിന് ഇന്ധനം നൽകിയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനത്തിൽ തന്നെയുണ്ട് ആ സമരത്തിന്റെ ആവേശവും വാശിയും. ഭരണത്തിലെ ഇന്ത്യൻ പങ്കാളിത്തം സംബന്ധിച്ച് പല ചിന്താധാരകളിൽനിന്നവർ ‘ബ്രിട്ടിഷുകാർ ഇന്ത്യ വിടുക തന്നെ വേണം, അതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല’ എന്നു പ്രഖ്യാപിച്ച സമരം. ഇന്ത്യയാകെ ഒരേ സമയം ആഞ്ഞടിച്ച പ്രക്ഷോഭമായിരുന്നു ഇത്‌. രണ്ടാം ലോക മഹായുദ്ധത്തിനിടയ്ക്ക്, ഒരു രാജ്യത്തെ ജനങ്ങൾ സ്വയംഭരണമാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തെ ദീർഘകാലത്തേക്ക് അവഗണിക്കാൻ കഴിയില്ലെന്ന് ബ്രിട്ടിഷുകാർക്ക് ബോധ്യമായി.

Advertisement

1942 ഓഗസ്റ്റ് 8ന് തുടക്കം കുറിച്ചതായതിനാൽ ഓഗസ്റ്റ് പ്രക്ഷോഭമെന്നും ഇതിന് പേരുണ്ട്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ബോംബെ സമ്മേളത്തിന്റെ തീരുമാനപ്രകാരമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിക്കുന്നത്. 1942 ജൂലൈ 14ന് വാർധയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ഇന്ത്യക്ക് സമ്പൂർണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയും അതിനു വേണ്ടി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തതിന്റെ തുടർച്ചയായിരുന്നു ബോംബെ സമ്മേളനം. സമരപ്രഖ്യാപനത്തിനു പിന്നാലെ മഹാത്മാ ഗാന്ധി, അബുൽ കലാം ആസാദ്, ജവാഹർ ലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങി കോൺഗ്രസ് നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പലരും പുറംലോകം കാണുന്നത് രണ്ടാം ലോകമഹായുദ്ധം അവസാനിച്ച 1945ലാണ്. പതിനായിരങ്ങൾ അറസ്റ്റിലായി. നേതാക്കളും സ്വാതന്ത്ര്യസമരഭടൻമാരും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാൻ ബ്രിട്ടിഷുകാർക്ക് സാധിച്ചെങ്കിലും സമരം തുടർ‌ന്നു. അതിക്രൂരമായി സമരഭടൻമാരെ സൈന്യം നേരിട്ടു. പ്രക്ഷോഭം അടിച്ചൊതുക്കി. യുദ്ധം അവസാനിച്ചാൽ മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യം ആലോചിക്കാൻ കഴിയൂവെന്ന് ബ്രിട്ടിഷ് ഭരണകൂടം വ്യക്തമാക്കി. വിൻസ്റ്റൺ ചർച്ചിലാണ് അന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി. ഒരർഥത്തിൽ ക്വിറ്റ് സമരത്തെ പരാജയമെന്നു വിശേഷിപ്പിക്കാമെങ്കിലും അതുണ്ടാക്കിയ ആവേശം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെയുള്ള പോരാട്ടത്തിന് ആവേശം പകർന്നു.

ജാതി, മത വ്യത്യാസമില്ലാതെ ഒട്ടനവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാഷ്ട്രത്തിന്റെ, ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. അസഹിഷ്ണുതയുടെ കൊലവിളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുകയാണ്. 1942ലെ ക്വിറ്റ് ഇന്ത്യ പ്രമേയത്തില്‍ സ്വതന്ത്ര ഇന്ത്യയെ ഫാസിസത്തിനെതിരെ പൊരുതാന്‍ സജ്ജമാക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നു. ഇന്നും നാം ആ പോരാട്ടം തുടരുക തന്നെയാണ്.

Tags :
featurednewsPolitics
Advertisement
Next Article