Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിങ്ങള്‍ സ്വയം തിരുത്തരുത്,
ജനങ്ങള്‍ തിരുത്തിക്കോളും

12:05 PM Jun 21, 2024 IST | Rajasekharan C P
Advertisement

ജനാധിപത്യം വിജയിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. രണ്ടുഭരണ ധാര്‍ഷ്ട്യങ്ങള്‍ക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമായിരുന്നു ആ തെരഞ്ഞെടുപ്പുഫലം. ഫ്രഞ്ചുവിപ്ലവത്തിന് നിമിത്തമായ ലൂയി പതിനാലാമനെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയിലായിരുന്നു നരേന്ദ്രമോദിയുടെ വാക്ധോരണികള്‍ ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുവേദികളില്‍ മുഴങ്ങിക്കേട്ടത്. താന്‍ ദൈവത്തിന്‍റെ പ്രതിനിധിയാണെന്നും തന്നെക്കൊണ്ട് ചിലതൊക്കെ ചെയ്യിക്കാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു മോദിയുടെ അഹന്ത നിറഞ്ഞ ഭാഷണം. പക്ഷേ ദൈവം ജനപക്ഷത്തായിരുന്നു. ഭരണഘടന പൊളിച്ചെഴുതാനും അത് ബി.ജെ.പിക്ക് അനുകൂലമാക്കാനുമുള്ള കുതന്ത്രത്തിനും മനസ്സിലിരിപ്പിനും തക്കശിക്ഷ വിധിക്കാന്‍ ദൈവം തീരുമാനിച്ചത് ജനങ്ങളുടെ വിരല്‍തുമ്പിലൂടെയായിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം തൂത്തുവാരിയെടുത്ത് ഭാരതത്തെ ആകെമാനം തന്നിഷ്ടപ്രകാരം കീഴ്മേല്‍ മറിക്കാന്‍ നിശ്ചയിച്ച ബി.ജെ.പിയുടെ കാലിനിട്ടാ ദൈവം പ്രഹരമേല്‍പ്പിച്ചത്. ഇപ്പോള്‍ കാലിന് പ്ലാസ്റ്ററിട്ട് ഉന്തിയുന്തി മുന്നോട്ടു നീങ്ങുന്ന ബി.ജെ.പിക്ക് ഭരണം നയിക്കാന്‍ നിതീഷ്കുമാറിന്‍റെ പാര്‍ട്ടിയായ ജനതാദളി (യുണൈറ്റഡ്)ന്‍റെയും ചന്ദ്രബാബുനായിഡു നയിക്കുന്ന തെലുങ്കുദേശം പാര്‍ട്ടിയുടെയും സഹായം ആവശ്യമായി വന്നിരിക്കുന്നു. ലൂയി പതിന്നാലാമന്‍ സ്വേച്ഛാധിപത്യ അഹങ്കാരം തലയ്ക്കു പിടിച്ചപ്പോള്‍ ഞാനാണ് രാഷ്ട്രം എന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. അതേ അഹങ്കാരം നരേന്ദ്രമോദിയെ ദൈവം പോലുമറിയാതെ ദൈവത്തിന്‍റെ പ്രതിനിധിയാക്കിയപ്പോള്‍ അത് ദൈവത്തിന് തീരെ സഹിച്ചില്ല. അതുകൊണ്ടാണ് ദൈവം ജനമനസ്സില്‍ കുടിയേറി പരസ്സഹായത്തോടെ താല്‍ക്കാലികമായെങ്കിലും ഭരിക്കാന്‍ ഇടവരട്ടെയെന്ന ശിക്ഷ വിധിച്ചത്. ഇവിടെ താല്‍ക്കാലികം എന്ന വാക്കിന് അല്‍പ്പം ഊന്നല്‍ കൊടുക്കേണ്ടിവരുന്നത് നരേന്ദ്രമോദി സഹായത്തിന് കയ്യിട്ടിരിക്കുന്ന ഒരു തോള് നിതീഷ് കുമാറിന്‍റേതായതുകൊണ്ടാണ്. നിതീഷ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഒരു നിലപാടുകളുമില്ലാത്ത രാഷ്ട്രീയക്കാരനാണ്. അവസരവാദ രാഷ്ട്രീയത്തിന്‍റെ ഏതു തുറുപ്പും മറ്റുകളിക്കാരുടെ കണ്ണുവെട്ടിച്ച് ഇറക്കിക്കളിക്കാന്‍ ബഹുവിരുതന്‍. നിതീഷിനെ സംബന്ധിച്ച് എന്‍.ഡി.എയും ഇന്ത്യാ സഖ്യവും ഒരുപോലെയാണ്. എന്‍.ഡി.എയില്‍ നിന്ന് കാലുകഴയ്ക്കുമ്പോള്‍ ഇന്ത്യാസഖ്യത്തിലേയ്ക്ക് കാലുമാറിച്ചവിട്ടാനും അദ്ദേഹത്തിന് മുന്‍ അനുഭവമുണ്ട്. തല്‍ക്കാലം നിതീഷ് എന്‍.ഡി.എയ്ക്കൊപ്പം കൂടിയത് ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും ഭാഗ്യം എന്നു പറയാം.
അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത, മൂല്യമില്ലാത്ത രാഷ്ട്രീയത്തിന്‍റെ മൂത്താശാരിയായി, ഗര്‍വ്വിന്‍റെ തലക്കനമണിഞ്ഞ് സ്വന്തം പാര്‍ട്ടിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഉതിര്‍ന്നുപോകുന്നതറിയാതെ ഭ്രമലോകത്ത് കഴിയുന്ന മറ്റൊരു ഭരണാധികാരിയാണ് പിണറായിവിജയന്‍. ആരെന്നും എന്തെന്നും നോക്കാതെ പണ്ടാരോ അറിയാതെ പറഞ്ഞുപോയ ഇരട്ടച്ചങ്കനെന്ന വിശേഷണധാവള്യത്തെ മറയാക്കി പുലഭ്യം പറയുന്ന വെറുമൊരു പാര്‍ട്ടി നേതാവും പ്രവര്‍ത്തനശൈലയില്‍ അത്ഭുതങ്ങള്‍ കാട്ടാത്ത ഭരണാധികാരിയുമാണ് അദ്ദേഹം. പിണറായിയുടെ രോഷത്തിന് ഒടുവില്‍ വിധേയമായത് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്മാര്‍ ഗീവര്‍ഗീസ് കൂറിലോസായിരുന്നു. ഇടതുസര്‍ക്കാരിന്‍റെ മോശം പ്രവര്‍ത്തനത്തെപ്പറ്റി ചില സത്യവാക്കുകള്‍ പറഞ്ഞതിനാണ് വിവരദോഷി എന്ന പഴി പാവം തിരുമേനി കേള്‍ക്കേണ്ടിവന്നത്. സ്വന്തം പാര്‍ട്ടിയുമായി ചങ്ങാത്തം കൂടാത്ത, വിമര്‍ശിക്കുന്ന ആരും പിണറായി സഖാവിന്‍റെ ദ്വേഷത്തിന് പാത്രമായിട്ടുണ്ട്. അതിന്‍റെ ഫലമായി ചില വെറുപ്പുപദങ്ങള്‍ മലയാളത്തിന് ക്ലാവുമാറ്റി മിനുക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. നികൃഷ്ടജീവി, കുലംകുത്തി, പരനാറി ഇതൊക്കെ ആ തിരുവായില്‍ നിന്നും മുമ്പ് പലരും നെഞ്ചേറ്റി തളര്‍ന്ന തിരുമൊഴികളാണ്, വിവരദോഷിപോലെ. ഇതൊക്കെ പിണറായി സഖാവിനുമാത്രം സാധ്യമാകുന്ന വിപരീതസവിശേഷതകളാകാം. ഇങ്ങനൊരു ഭരണാധികാരിക്കും നേതാവിനും തന്‍റെ പാര്‍ട്ടിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് ബോധ്യപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. സി.പി.എം കേന്ദ്രനേതൃത്വത്തിലെ പ്രകാശ് കാരാട്ടടക്കമുള്ളവരുടെ പാര്‍ട്ടിതോല്‍വിയെപ്പറ്റിയുള്ള നിലവിളികള്‍ക്ക് ആരാണ് സമാധാനം പറയുക. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിതുമ്പുന്നു. എല്ലാവരും ഒരുമിച്ച് ആവശ്യപ്പെടുന്നത് തിരുത്തലാണ്. പക്ഷെ ആരു തിരുത്തും, എങ്ങനെ തിരുത്തും, എവിടെ തിരുത്തും എന്നുമാത്രം ആര്‍ക്കും ഒരു നിശ്ചയവുമില്ല. മുമ്പും തെരഞ്ഞെടുപ്പില്‍ വീഴ്ചകള്‍ സംഭവിച്ചപ്പോള്‍ തിരുത്തുമെന്ന പാഴാങ്കം ആവര്‍ത്തിച്ചുകേട്ടിട്ടുണ്ട്. എന്നാല്‍ തിരുത്തല്‍ മാത്രം സംഭവിച്ചില്ല. ഒരേ വൃത്തത്തിന്‍റെ ആവര്‍ത്തനത്തില്‍ നിന്ന് പതിവുശൈലിയില്‍ നിന്ന് പുറത്തുവരാനാവാത്തവിധം പാര്‍ട്ടിയെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആ ഒരാള്‍ വിചാരിച്ചാല്‍ ഒരുപക്ഷേ ഈ പാര്‍ട്ടി താല്‍ക്കാലികമായി രക്ഷപ്പെട്ടെന്നിരിക്കും. ഇപ്പറഞ്ഞത് ആ പ്രത്യേകപാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെങ്കിലും കേരളത്തിന്‍റെ പൊതുവായ പ്രാര്‍ത്ഥന മറ്റൊന്നാണ്. ആ ഒരാള്‍ തന്‍റെ ശൈലി മാറ്റാതെ ഇതേപോലെതന്നെ ഭരണം തുടരണം. എന്നാലെ ലോക്സഭാതെരഞ്ഞെടുപ്പുഫലം പോലെ തദ്ദേശങ്ങളിലും നിയമസഭയിലും ജനമനസ്സുകളുടെ കൂട്ടായ എതിര്‍പ്പിന്‍റെ തിരത്തള്ളല്‍ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ദയവായി താങ്കള്‍ ഇതേ രീതിയില്‍ തന്നെ ഞങ്ങള്‍ക്കുവേണ്ടി മുന്നേറുക.

Advertisement

വാല്‍ക്കഷണം:
തെരഞ്ഞെടുപ്പുസമയത്ത് ബി.ജെ.പിയെ പതിവുപോലെ സ്തുതിക്കുകയും ഫലം വന്നു കഴിഞ്ഞ് തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു ആര്‍.എസ്.എസ്. ഇനി അങ്ങനൊരു നിലപാട് കൈക്കൊള്ളാനേ അവര്‍ക്ക് കഴിയുള്ളൂ. കാരണം ബി.ജെ.പി ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇത്തവണ കിട്ടിയില്ല. അങ്ങനെയായിരുന്നെങ്കില്‍ തങ്ങളുടെ സ്വാര്‍ത്ഥപദ്ധതികള്‍ പലതും നിര്‍ബന്ധപൂര്‍വ്വം ബി.ജെ.പിയെക്കൊണ്ട് സാധിക്കാമായിരുന്നു. ഇനി അത് നടപ്പില്ല. നിതീഷിന്‍റെയും നായിഡുവിന്‍റെയും സഹകരണം വേണം. അപ്പോള്‍ എളുപ്പത്തില്‍ സാധ്യമാകുന്നത് സഹോദരസംഘടനയെ തള്ളിപ്പറയുക എന്നതാണ്. ഇതുമായി ബന്ധപ്പെടുത്തി ആര്‍.എസ്.എസ്. ദേശീയ നിര്‍വ്വാഹകസമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത് ബി.ജെ.പിയെ 240 സീറ്റിലൊതുക്കിയത് ഭഗവാന്‍ രാമനാണെന്നാണ്. കാറ്റിനനുസരിച്ച് പതിരുകളഞ്ഞ് സംസാരിക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ പഠിച്ചിരിക്കുന്നു. ഇതും ഒരു അടവിന്‍റെ ഭാഗമാണെന്നോര്‍ക്കണം

Advertisement
Next Article