ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം തുടര്‍ന്ന് കൊല്‍ക്കത്ത
കൊല്‍ക്കത്ത: കഴിഞ്ഞ മാസം ഗവ. ആര്‍.ജി കാര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി ചലച്ചിത്ര സംവിധായികയും നടിയും തിരക്കഥ കൃത്തുമായ അപര്‍ണ സെന്നടക്കം നിരവധി പേര്‍ കൊല്‍ക്കത്തയില്‍ പ്രകടനം നടത്തി.
ബംഗാളി ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖരും ഞായറാഴ്ച നടന്ന വന്‍ റാലിയില്‍ പങ്കെടുത്തു. നഗരത്തിലെ വിവിധയിടങ്ങളിലും സമാന റാലികള്‍ നടന്നു. കോളജ് സ്‌ക്വയറില്‍ ആരംഭിച്ച മെഗാ റാലിയില്‍ സിനിമ രംഗത്തുനിന്ന് സ്വസ്തിക മുഖര്‍ജി, സുദീപ്ത ചക്രവര്‍ത്തി, ചൈതി ഘോഷാല്‍, സോഹിനി സര്‍ക്കാര്‍ എന്നിവരടക്കം പങ്കെടുത്തു.
നീതി ആവശ്യപ്പെട്ട് സെന്‍ട്രല്‍ അവന്യൂവിലൂടെ പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തി. തെക്കന്‍ കൊല്‍ക്കത്തയില്‍ രാമകൃഷ്ണ മിഷന്‍ സ്‌കൂളുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും പൂര്‍വവിദ്യാര്‍ത്ഥികള്‍ ഗോള്‍പാര്‍ക്കില്‍ നിന്ന് രബീന്ദ്ര സദന്‍ എക്‌സൈഡ് ക്രോസിങ്ങിലേക്ക് മാര്‍ച്ച് നടത്തി. അന്വേഷണം നടത്തി എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ, പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് പഞ്ചായത്ത് അംഗത്തിന്റെ വീട് ജനക്കൂട്ടം തകര്‍ത്തു. ഞായറാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തതായും ജില്ലയിലെ റോഹന്ദ പഞ്ചായത്തിലെ രാജ്ബാരി പ്രദേശത്ത് ശക്തമായ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.