നിയമം കൈയിലെടുക്കാൻ നിർബന്ധിക്കരുത്: വി.ഡി സതീശൻ
കോൺ. പൊലീസ് സ്റ്റേഷൻ മാർച്ച് തുടങ്ങി
തിരുവനന്തപുരം: നിയമം കൈയിലെടുക്കാൻ കോൺഗ്രസ് പ്രവർത്തകരെ വല്ലാതെ നിർബന്ധിതരാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമം സംരക്ഷിക്കേണ്ടവർ പൊലീസ് ആണ്. പൊലീസ് നിയമപാലനം നിർവഹിക്കാത്ത സാഹചര്യത്തിൽ ആ ചുമതല ഞങ്ങൾ ഏറ്റെടുത്താൽ കുറ്റപ്പെടുത്തരുതെന്ന് സതീശൻ മുന്നറിയിപ്പ് നൽകി.
പൊലീസിന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ പരസ്യമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചത്. ഇതിന് അദ്ദേഹത്തിന് ആരാണ് അധികാരം നൽകിയത്. ഈ ഗൺമാനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കുന്ന എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുകയും ജനാധിപത്യപരമായ രീതിയിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്- കെ.എസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുകയാണ്. ഇത് അംഗീകരിക്കല്ല. പൊലീസ് ഇരട്ട നീതിയാണ് കാണിക്കുന്നത്. അതിനെതിരേ അതിശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ സർക്കാരും ഗവർണരും തമ്മിൽ നടത്തുന്ന ചക്കളത്തിപ്പോരാട്ടം മച്ചാൻ കളിയാണ്. നവകേരള സദസ് പൊളിഞ്ഞു പാളീസാവുകയും ജനരോഷം ശക്തമാവുകയും ചെയ്തപ്പോൾ പരസ്പരം സഹായിക്കാനാണ് ഗവർണർ തെരിവിലിറങ്ങിയതും എസ്എഫ്ഐ അദ്ദേഹത്തിനെതിരേ തിരിഞ്ഞതും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല അപ്പാടെ താറുമാറായി. ഗവണ്മെന്റും രാജ്ഭവനും ഇക്കാര്യത്തിൽ രാഷ്‌ട്രീയം കളിക്കുകയാണ്. സിപിഎം നല്കിയ പട്ടികയും സംഘപരിവാർ നല്കിയ പട്ടികയും പരിശോധിച്ചാണ് സെനറ്റിലേക്കും സിൻഡിക്കറ്റലേക്കുമുള്ള നിയമനം. യോഗ്യതയോ മാനദണ്ഡങ്ങളോ പലിക്കപ്പെടുന്നില്ല. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണറും ഗവർണർ പ്രതിസന്ധിയിലാകുമ്പോൾ സർക്കാരും സഹായത്തിനെത്തുന്ന പ്രവണതയാണു കാണുന്നത്.
നവ കേരള സദസ് കഴിയുന്നതോടെ സർക്കാരും രാജ്ഭവനും തമ്മിൽ ഭായിഭായി ആകുമെന്നും ബജറ്റിനു മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗവുമായി ഗവർണർ സർക്കാരിനെ പിന്തുണച്ച് ഊർജസ്വലമായി രംഗത്തു വരുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാന വ്യാപകമായി കോൺഗ്രസ്- യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർക്കു നേരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനുകൾ ഉപരോധിക്കുകയാണ്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോഴിക്കോട്ട് യുഡിഎഫ് കൺവീനർ എം.എം. ഹസനും ഉപരോധം ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് മുൻമന്ത്രി കെ. ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. കുണ്ടറ ബ്ലോക്കിലെ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന പോലീസ് സ്റ്റേഷൻ ഉപരോധം പി.സി വിഷ്ണുനാഥ് എംഎൽഎ ഉത്ഘാടനം ചെയ്തു.