ആശങ്ക വേണ്ട, സുനിത സെയ്‌ഫെന്ന് നാസ
കാലിഫോര്‍ണിയ: സുനിത വില്യംസിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രം ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. ശരീരം വല്ലാതെ മെലിഞ്ഞിരിക്കുന്നു, കണ്ണുകള്‍ കുഴിഞ്ഞു… രണ്ട് കവിളുകളും ഒട്ടിപ്പോയിരിക്കുന്നു. ദീര്‍ഘകാല ബഹിരാകാശവാസം കാരണം സുനിതാ വില്യംസിന്റെ ആരോഗ്യം ക്ഷയിച്ചോ? സുരക്ഷിതയാണോ? എന്നാണ് അവരെ തിരിച്ചെത്തിക്കുക? ആശങ്കള്‍ നിറഞ്ഞ ചോദ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നിരിക്കുന്നു.
എന്നാല്‍, എല്ലാവരും സുഖമായിരിക്കുന്നു എന്നാണ് നാസയുടെ മറുപടി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എല്ലാ ബഹിരാകാശയാത്രികരും നല്ല ആരോഗ്യത്തോടെ തന്നെയാണുള്ളതെന്ന് നാസ വ്യക്തമാക്കി. പതിവ് മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നുണ്ടെന്നും ഫ്‌ലൈറ്റ് സര്‍ജന്മാര്‍ അവരെ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും നാസയുടെ സ്പേസ് ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റിന്റെ വക്താവ് ജിമി റസ്സല്‍ പറഞ്ഞു.
പുറത്തുവന്ന ചിത്രത്തില്‍ സുനിതാ വില്യംസിന്റെ ഭാരം വളരെയധികം കുറഞ്ഞതായാണ് തോന്നുന്നത്. ഉയര്‍ന്ന ഉയരത്തില്‍ ദീര്‍ഘനേരം താമസിക്കുന്നതിന്റെ സ്വാഭാവിക സമ്മര്‍ദ്ദങ്ങള്‍ കാരണമാണെന്ന് സിയാറ്റില്‍ ആസ്ഥാനമായുള്ള ഒരു പള്‍മോണോളജിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍ ശരീരഭാരം കുറയുമ്പോഴാണ് കവിളുകള്‍ കുഴിഞ്ഞതായി കാണപ്പെടുന്നത്. സുനിതാ വില്യംസിന്റെ മുഖവും കണ്ണുകളും കാണുമ്പോള്‍ മനസിലാകുന്നത് ഏറെനാളായി അവര്‍ കലോറി ഡെഫിസിറ്റില്‍ ആയിരിക്കാമെന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നഷ്ടമാകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ശരീര താപം നിലനിര്‍ത്തുന്നതിനായി ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്തുന്നുണ്ടാവാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ഥം വെറും എട്ട് ദിവസം മാത്രം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയതായിരുന്നു നാസയുടെ സഞ്ചാരികളായ ബുച്ച് വില്‍മോറും സുനിത വില്യംസും. എന്നാല്‍, പേടകത്തിന്റെ തകരാറുകാരണം മാസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചുവരാനായില്ല. ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഇരുവരെയും തിരികെ എത്തിക്കുക.
ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസേന 2.5 മണിക്കൂര്‍ വ്യായാമം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം നഷ്ടമാകാതിരിക്കാന്‍ മതിയായ വ്യായാമം ബുച്ച് വില്‍മോറും സുനിത വില്യംസും ചെയ്യുന്നുണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്. അതിനാല്‍ സുനിതാ വില്യംസിന് പെട്ടെന്നൊരു അത്യാഹിതം സംഭവിക്കുമെന്ന ആശങ്ക വേണ്ടെന്നും അവര്‍ സേഫാണെന്നും നാസ അറിയിച്ചു.