കാവി പുതപ്പിച്ച് ദൂരദർശൻ ലോഗോ
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ചാനലുകളുടെ ലോഗോ നിറം മാറ്റി. ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് നിറംമാറ്റം. മുൻപ് ചുവപ്പായിരുന്ന ലോഗോയുടെ നിറം ഇപ്പോൾ കാവിയാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ സ്ക്രീനിംഗ് നിറവും കാവി നിറമാക്കി മാറ്റിയിരിക്കുകയാണ്.
'മൂല്യങ്ങൾ മാറ്റമില്ലാതെ തുടരുമ്പോൾ ഞങ്ങൾ പുതിയ മുഖത്തേക്ക്, ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വാർത്തകൾക്കായി തയ്യാറാകൂ ഡി ഡി ന്യൂസ് അനുഭവമാക്കൂ.. എന്നാണ് ഡി ഡി ന്യൂസ് സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചിരിക്കുന്നത്.
ഭരണപക്ഷത്തിന് അനുകൂലമായ തരത്തിൽ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ലോഗോയിലും അടിമുടി മാറ്റവുമായി ദൂരദർശൻ എത്തുന്നത്. വിവാദമായ ചിത്രം 'കേരള സ്റ്റോറി' പ്രദർശനവുമായി ബന്ധപ്പെട്ട് അടുത്തിടെ ദൂരദർശൻ വിവാദത്തിലായിരുന്നു.