തിയറ്റർ കോംപ്ലക്സിൽ സ്ത്രീകൾക്ക് ഡോർമിറ്ററി സൗകര്യം ഒരുങ്ങുന്നു
തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപറേഷൻ്റെ നേതൃത്വത്തിൽ തലസ്‌ഥാനത്തു തമ്പാനൂരിൽ കൈരളി, ശ്രീ, നിള തിയറ്റർ കോംപ്ലക്സിൽ ഡോർമിറ്ററി സൗകര്യം ഒരുങ്ങുന്നു.
'സഖി' എന്നു പേരുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്നു 11ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. മന്ത്രി വീണാ ജോർജ് ആദ്യ ഓൺലൈൻ ബുക്കിങ് നടത്തും.
24 മണിക്കൂർ ചെക് ഔട്ട് വ്യവസ്‌ഥയിൽ 'സഖി'യിൽ 500 രൂപയും ജിഎസ്ടിയും നിരക്കിൽ താമസ സൗകര്യം ലഭിക്കും. എയർകണ്ടിഷൻഡ് ആയ ഡോർമിറ്ററിയിൽ 12 ബെഡുകളുണ്ട്. സൗജന്യ വൈഫൈ, ലാൻഡ്‌ഫോൺ സൗകര്യം, ശുചിമുറികൾ, ബെഡ് ഷീറ്റ്, ടവൽ, സോപ്പ്, കുടിവെള്ളം, കോമൺ ഡ്രസിങ് റൂം, നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ സൗകര്യങ്ങളുണ്ട്. ഇരുചക്ര, നാലു ചക്ര വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, ലോക്കർ ഫെസിലിറ്റി എന്നിവയും ലഭിക്കും. സംസ്ഥാന വനിതാ വികസന കോർപറേഷന്റെ 'സേഫ് സ്റ്റേ മൊബൈൽ ആപ്പ്' വഴി ബുക്ക് ചെയ്യാം