മുണ്ടക്കൈ ടോപ്പില്‍ മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് സംശയം; സ്കാനറില്‍ സ്ഥിരീകരിച്ചതായി തിരച്ചില്‍ സംഘം
വയനാട്: രക്ഷാപ്രവർത്തനത്തിനിടെ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. പരിശോധന അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു എന്നാൽ ജീവൻ്റെ തുടിപ്പുണ്ടെന്ന സംശയത്തെ തുടർന്നാണ് വീണ്ടും തിരച്ചിൽ നടത്തുന്നത്. രാത്രി ആയതിനാൽ ഫ്ലഡ് ലൈറ്റ് ഉൾപ്പെടെ ഒരുക്കിയാകും പരിശോധന. സൈനികർ വൈകാതെ പരിശോധനയ്ക്കായി തിരിച്ചെത്തും.
ആദ്യ തിരച്ചിലിൽ സിഗിനൽ ലഭിച്ച സ്ഥലത്ത് നിന്ന് ഒന്നും കണ്ടെത്തിയില്ല. തിരച്ചിൽ അവസാനിപ്പിക്കാനുള്ള തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തിരച്ചിൽ സംഘാംങ്ങൾക്ക് സ്ഥലത്ത് തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കലുങ്കിനകത്ത് പരിശോധന നടത്തുന്നവരോടും, സൈന്യം, എൻഡിആർഎഫ് സംഘങ്ങളോടും പിന്മാറാൻ റഡാർ പ്രവർത്തിപ്പിക്കുന്ന സംഘം നിർദ്ദേശം നൽകി മിനിറ്റുകൾക്കകമാണ് പരിശോധന തുടരാൻ നിർദ്ദേശിച്ചത്. നാലു ഘട്ടങ്ങളിലാ പരിശോധന നടത്തിയെന്നും നാലാം ഘട്ടത്തിലാണ് ശ്വാസിക്കുന്നതിന്റെ സൂചന ലഭിച്ചതെന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു. ജീവന്റെ സാന്നിധ്യം മാത്രമാണ് ലഭിച്ചതെന്നും അതൊരു മനുഷ്യനാണോ മറ്റെന്തെങ്കിലും ജീവനുള്ള വസ്തുവാണോയെന്ന് അറിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.