സ്ത്രീധന സമ്മർദ്ദം: ഷഹനയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍
തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയായ ഷഹന ജീവനൊടുക്കിയെന്ന പരാതിയില്‍ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
ആത്മഹത്യ ചെയ്യാന്‍ പ്രേരണയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധനനിരോധന നിയമം അനുസരിച്ചും കേസെടുക്കാം. സ്ത്രീധനം ചോദിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ട് നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. ഇതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കില്‍ ആത്മഹത്യാ പ്രേരണ കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ രേഖപ്പെടുത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസെടുക്കണമെന്നും അധ്യക്ഷ വ്യക്തമാക്കി. വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചുണ്ടെന്ന് കൃത്യമായ തെളിവുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് സാഹചര്യമുണ്ട്. പോലീസില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുന്നതിന് നിര്‍ദേശം നല്‍കും