'നിറമല്ല കഴിവാണ് കലയിൽ പ്രധാനം' കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലംമുതല്‍ അവര്‍ എനിക്കെതിരെ പ്രവർത്തിച്ചിരുന്നു; ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍
പാലക്കാട്: നോവ് നൊമ്പരമാകുന്ന കാഴ്ചയ്ക്ക് വേദിയായി വിക്ടോറിയ കോളേജ്. വിവാദപരാമര്‍ശങ്ങള്‍ക്കിടെ വേദനയുള്ള മനസ്സുമായി ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ കോളേജില്‍ എത്തിയതാണ് ഇതിനു നിമിത്തമായത്. കെഎസ്‌യു സംഘടിപ്പിച്ച കോളേജ്ഡേ ആഘോഷചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായിരുന്നു അദ്ദേഹം എത്തിയത്.
താന്‍ അനുഭവിച്ചുവന്ന നീറുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പങ്കുവെച്ചു. പിന്നിട്ട നാളുകളിലെ കനല്‍ വഴികള്‍ ഓര്‍മ്മയില്‍ ചികഞ്ഞെടുത്തു. കലാമണ്ഡലം സത്യഭാമയുടെ കറുത്തനിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ചുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളില്‍ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. നിറമല്ല കലാകാരന്മാരുടെ കഴിവാണ് പ്രധാനം. കലാമണ്ഡലത്തില്‍ ഡോക്ടറേറ്റിന് പഠിക്കുന്ന കാലംമുതല്‍ കലാകാരിയയായ അവര്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചുവന്നിരുന്നു. അന്ന് അവര്‍ കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല സിണ്ടിക്കേറ്റ് മെമ്പറായിരുന്നു. മോഹിനിയാട്ടം സ്ത്രീകളുടെ മാത്രം കുത്തകയല്ല, വിഷ്ണു മോഹിനീരൂപമായി മാറിയതാണ്. അതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്കും ഈ നൃത്തരൂപം അവതരിപ്പിക്കാം. കറുത്ത നിറമുള്ള കലാകാരന്മാരോട് കാണിക്കുന്ന അധിക്ഷേപം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൃത്തത്തിനോടുള്ള അഭിരുചി കൊണ്ടാണ് ശാസ്ത്രീയനൃത്തം പഠിക്കാന്‍ തുടങ്ങിയത്. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഇതിനുള്ള ശ്രമം. ഇതിന് ഓട്ടോറിക്ഷ കഴുകിയും പറമ്പ് നനച്ചുമാണ് പണം കണ്ടെത്തിയത്. താന്‍ ഒന്നാം ക്ലാസിലായിരിക്കുമ്പോള്‍ മണിച്ചേട്ടന്‍ നാലാം ക്ലാസിലായിരുന്നു. മണിച്ചേട്ടന്റെ തോളത്തിരുന്ന് നൃത്തം നോക്കിപഠിച്ചതും രാമകൃഷ്ണന്‍ ഓര്‍മ്മിച്ചെടുത്തു. 2016 മുതല്‍ കലാമണ്ഡലം സത്യഭാമ തന്നെ മാനസികമായി തളര്‍ത്തിവന്നിരുന്നതായി വെളിപ്പെടുത്തിയ അദ്ദേഹം ഇതിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നുവെന്നും വ്യക്തമാക്കി.
കലാമണ്ഡലം സത്യഭാമയോടുള്ള പ്രതിഷേധ സൂചകമായി വേദിയി ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ മോഹിനിയാട്ടവും അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ തുറന്നുപറച്ചില്‍ ഏറെ വേദനയോടെയാണ് വിദ്യാര്‍ഥികള്‍ ശ്രവിച്ചത്. കരഘോഷങ്ങളോടെയാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത്.
യൂണിയന്‍ ചെയര്‍മാന്‍ അന്‍ഷിഫ് റഹ്മാന്‍ സി.ടി അധ്യക്ഷനായിരുന്നു. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കുള്ള സമ്മാനവിതരണം സന്തോഷ് ട്രോഫി താരം രാഹുല്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി. ബാബുരാജ്, മാഗസിന്‍ എഡിറ്റര്‍ അഗ്‌നി ആഷിക്, യുയുസി വിപിന്‍ കുമാര്‍ ജി, ജോയിന്റ് സെക്രട്ടറി വര്‍ഷ, സെക്രട്ടറി പി. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നിതിന്‍ ഫാത്തിമ സ്വാഗതവും ഇഫ്‌ലാം നന്ദിയും പറഞ്ഞു.