ഡോ. വന്ദന കൊലക്കേസ്: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
'ക്രൈംബ്രാഞ്ച് എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇതിനിടെ, കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിനോടകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റ് പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലും ഹൈകോടതി പ്രസ്തുത ഹരജി നിരസിച്ചു. ഹൈകോടതി നിലപാടിനൊപ്പമല്ലാതെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് മോന്‍സ് ജോസഫ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഉത്തരവിടുക' -മുഖ്യമന്ത്രി ചോദിച്ചു.
'ഈ കേസില്‍ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണ്. കുറ്റപത്രം സമര്‍പ്പിച്ചതാണ്. പ്രത്യേകിച്ച് പരാതികള്‍ ഇല്ലാത്തതാണ്. ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തില്‍ ആവശ്യമില്ല' -പിണറായി വ്യക്തമാക്കി.കഴിഞ്ഞ മേയ് 10ന് പുലര്‍ച്ചെ 4.50നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദനദാസിനു കുത്തേറ്റ് മരിച്ചത്. പ്രതിയും അധ്യാപകനുമായ കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി. സന്ദീപ് (43) തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. അതിനിടെ, ഏക മകളുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം അറിയാന്‍ പുറത്തുനിന്നുള്ള ഏജന്‍സി വേണമെന്ന് ആവശ്യപ്പെട്ട് താന്‍ നല്‍കിയ ഹരജിയെ സര്‍ക്കാര്‍ എന്തിനാണ് കോടതിയില്‍ എതിത്തതെന്ന് ചോദിച്ച് വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസ് രംഗത്തുവന്നിരുന്നു.