നാട്ടിക അപകടം: ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ അഞ്ചുപേര്‍ മരിച്ച ലോറിയപകടത്തില് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്സിനുമെതിരെയാണ് കേസെടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നു.
ഡ്രൈവിങ് ലൈസന്‍സില്ലാത്ത ക്ലീനര്‍ അലക്സാണ് അപകട സമയത്ത് വാഹനമോടിച്ചത്. റോഡരികില്‍ ഉറങ്ങികിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ ഇവരെ നാട്ടുകാരാണ് പിടികൂടിയത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ രാത്രിയില്‍ പ്രത്യേക പരിശോധന നടത്തും.
ട്രക്കുകള്‍ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈന്‍ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞുകയറുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്.