അര്‍ജുനും ലോറിക്കുമായുള്ള തിരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ പുറപ്പെട്ടു
കര്‍ണ്ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും ലോറിക്കുമായുള്ള തിരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ പുറപ്പെട്ടു. പുലര്‍ച്ചെ അഞ്ച് മണിയോടെ മുര്‍മഗോവ തുറമുഖത്ത് നിന്ന് തിരിച്ച ഡ്രെഡ്ജര്‍ വെസല്‍ വൈകുന്നേരത്തോടെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചേരും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച ശേഷമാകും കാര്‍വാറില്‍ നിന്ന് ഡ്രെഡ്ജര്‍ വെസല്‍ ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് നീങ്ങുക. മറ്റു തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ വ്യാഴാഴ്ച ഡ്രഡ്ജിങ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 നായിരുന്നു പുഴയില്‍ തിരച്ചില്‍ നിര്‍ത്തിവെച്ചത്.
ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള് പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരില്‍ അര്ജുന് മണ്ണിടിച്ചിലില്‍ പെടുന്നത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള് പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ അര്‍ജുനായിരുള്ള തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല.