ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട ; തീരത്ത് നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്നും 3,300 കിലോ മയക്കുമരുന്ന് പിടികൂടി. പാകിസ്താൻ സ്വദേശികളുടേതെന്ന് സംശയിക്കുന്ന ബോട്ടിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെയും (എടിഎസ്) സഹായത്തോടെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇത്ര വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ ഏകദേശം 2000 കോടിയിലേറെ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. 3,089 കിലോഗ്രാം കഞ്ചാവും, 158 കിലോഗ്രാം മെത്താംഫെറ്റാമൈനും, 25 കിലോഗ്രാം മോർഫിനുമാണ് എൻസിബി പിടികൂടിയത്. "പ്രൊഡ്യൂസ് ഓഫ് പാകിസ്താൻ" എന്ന് ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു നിരീക്ഷണ വിമാനത്തിൽ നിന്നുള്ള ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന വിന്യസിച്ച കപ്പൽ രണ്ട് ദിവസമായി ഈ കപ്പലിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു അതിനാൽ ബോട്ട് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ ഉദ്യോഗസ്ഥർ ബോട്ട് തടഞ്ഞു. പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നും ഗുജറാത്തിലെ പോർബന്തറിലേക്ക് കൊണ്ടുപോകുകയും ബോട്ടിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെ ഇതിനോടകം അറസ്റ്റ് ചെയുകയും ചെയ്‌തു.