നിർമാണത്തിലെ അപാകത മൂലം പുനർനിർമാണം നടത്തിയ റോഡ് വീണ്ടും തകർന്നു
പത്തനംതിട്ട: നിർമാണ പ്രവർത്തനത്തിലെ അപാകതയെ തുടർന്ന് പുനർനിർമാണം നടത്തിയ റോഡ് വീണ്ടും തകർന്നു. ജനറൽ ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾ അടക്കമുള്ള യാത്രക്കാർ ഇതുമൂലം ഏറെ ദുരിതത്തിലാണ്. ഡോക്ടേഴ്സ് ലെയ്‌ൻ റോഡിലാണ് കുണ്ടും കുഴിയുമായിരിക്കുന്നത്. ചില ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയും ഉണ്ട്. ഈ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ പ്രദേശവാസികളിൽ ചിലർ നിർമാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചെങ്കിലും അതു കേൾക്കാൻ ആരും തയാറായില്ല എന്നാണ് ആക്ഷേപം. ആദ്യ തവണ റോഡിന്റെ കോൺക്രീറ്റിങ് പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ പല ഭാഗത്തായി റോഡ് ഇളകിത്തുടങ്ങി. വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടി ഉയർന്ന് പ്രദേശവാസികളും കാൽനട യാത്രക്കാരും ദുരിതം നേരിടുകയും പരാതി നൽകുകയും ചെയ്തു.
അതിനെ തുടർന്ന് അതിനെ തുടർന്ന് നഗരസഭ എൻജിനീയറിങ് വിഭാഗം കരാറുകാരനുമായി സംസാരിക്കുകയും ബില്ല് മാറി നൽകണമെങ്കിൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് മൂന്നു മാസം തികയും മുൻപ് വീണ്ടും റോഡ് കോൺക്രീറ്റ് ചെയ്തത്. ഇതാണ് വീണ്ടും ഇളകി തകർന്നു കിടക്കുന്നത്. അത്യാഹിത വിഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിയിലേക്ക് നിലവിലുണ്ടായിരുന്ന വഴി അടച്ചു. അതിനാൽ ആശുപത്രിക്ക് പിൻവശത്തു കൂടിയുള്ള ഈ റോഡിൽ കൂടിയാണ് ആശുപത്രിക്കുള്ളിലേക്കും പുറത്തേക്കും പോകാൻ സംവിധാനം ഒരുക്കിയത്.