ബിജെപി അധികാരത്തിലിരിക്കെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് സര്‍ക്കാര്‍
ബെംഗളൂരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. ബിജെപി അധികാരത്തിലിരിക്കെയാണ് ഈ മരണങ്ങളിലേറെയും നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-20ല്‍ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ല്‍ 714, 2021-22ല്‍ 595, 2022-23ല്‍ 527, 2023-24ല്‍ 518 എന്നിങ്ങനെയാണ് പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ 348 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. കൊവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും നടന്നത്. അഞ്ച് വര്‍ഷത്തിനിടെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അമ്മമാരുടെ എണ്ണം 3364 ആണെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രസവശസ്ത്രക്രിയയ്ക്കായി നല്‍കിയ മരുന്നാണ് മരണകാരണം എന്നായിരുന്നു നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാളിലെ ഫാര്‍മ കമ്പനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. കര്‍ണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ബെല്ലാരി ആശുപത്രിയില്‍ സിസേറിയന് വിധേയരായ അഞ്ച് അമ്മമാരാണ് മരിച്ചത്. നവംബര്‍ 11 നായിരുന്നു അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. സിസേറിയന് പിന്നാലെ യുവതിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും മാറ്റമില്ലാതായതോടെ വിജയനാഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 24 ദിവസം ഇവിടെ ചികിത്സയില്‍ തുടര്‍ന്ന ശേഷമായിരുന്നു മരണം.കഴിഞ്ഞ മാസം നാല് പേരാണ് ഇത്തരത്തില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. റോജമ്മ, നന്ദിനി, മുസ്‌കാന്‍, മഹാലക്ഷ്മി, ലളിതാമ്മ തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ കുട്ടികള്‍ സുരക്ഷിതരാണ്.