സിപിഎമ്മിന് പിന്നാലെ ഡിവൈഎഫ്ഐയും ; നേതൃത്വത്തെ വെല്ലുവിളിച്ച് കൊഴിഞ്ഞാമ്പാറയിൽ ശക്തി പ്രകടനം
പാലക്കാട്: സമാന്തര യൂത്ത് സെന്റര്‍ തുറന്നതിനു പിറകെ ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് പാലക്കാട് ചിറ്റൂരില്‍ കണ്‍വെന്‍ഷനും ശക്തിപ്രകടനവുമായി വിമത ഡിവൈഎഫ്‌ഐ. കൊഴിഞ്ഞാമ്പാറയില്‍ ഇന്ന് രാവിലെയാണ് ഡിവൈഎഫ്‌ഐയുടെ പതാകകളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനവും കണ്‍വെന്‍ഷനും നടത്തിയത്.
ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എസ്. സദ്ദാം ഹുസൈന്‍, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. കഴിഞ്ഞദിവസം കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകളും മറ്റും സ്ഥാപിച്ചതോടെ ഇവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി വ്യക്തമാക്കിയിരുന്നു, ഇതിന് മറുപടിയെന്നോണമാണ് ഇന്നലെ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. സമീപ പഞ്ചായത്തുകളായ എരുത്തേമ്പതി, വടകരപ്പതി എന്നിവിടങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിയത് ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയായി.
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കണ്‍വെന്‍ഷന്‍. ഏരിയാ-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ പടപ്പുറപ്പാടിനുള്ള തയ്യാറെടുപ്പിലാണ് ഡിവൈഎഫ്‌ഐ എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ പരിപാടി. ഡിവൈഎഫ്‌ഐയെ ആരുടെയും തൊഴുത്തില്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകര്‍. സിപിഎം ജില്ലാ സെക്രട്ടറിയും ഔദ്യോഗികപക്ഷവും ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുന്നുവെന്നും പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു.