ഇ-പോസ് മെഷീന്‍ തകരാറ്; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു
ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. രാവിലെ പത്തു മുതലാണ് ഇ-പോസ് മെഷീന്‍ തകരാറിലായത്. ഇതേതുടർന്ന് സംസ്ഥാനത്തെ മിക്കയിടങ്ങളിലും റേഷന്‍ വിതരണം മുടങ്ങി. മെഷീനില്‍ വിരല്‍ പതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആധാര്‍ ഓതന്റിഫിക്കേഷനുള്ള ബയോമെട്രിക് സംവിധാനം പ്രവർത്തനരഹിതമായിരുന്നു. സെർവർ തകരാറിലായതും കാരണമായി. കൂടുതലാളുകള്‍ ഒരുമിച്ച് റേഷന്‍ വാങ്ങാനായി എത്തുന്നത് പ്രതിസന്ധിക്ക് കാരണമായി എന്നാണ് ഐ.ടി സെല്ലിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഇതിനിടെ വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച റേഷന്‍ കട വ്യാപാരികളുമായി ജൂലൈ നാലിന് ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം പ്രതിസന്ധിയിലായതോടെ ഈ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചുവരെയാണ് നീട്ടിയിട്ടുള്ളത്. ജൂലൈ മാസത്തെ വിതരണം എട്ടു മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.