For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഇ.ഡി അന്വേഷണം

04:08 PM Jun 11, 2024 IST | Online Desk
 മഞ്ഞുമ്മല്‍ ബോയ്‌സ്  സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഇ ഡി അന്വേഷണം
Advertisement

കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത ഇ.ഡി, പറവ ഫിലിംസിന്റെ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായില്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടിസ് നല്‍കും.

Advertisement

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.

സിനിമ മേഖലയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് ഇ.ഡി നേരത്തേതന്നെ നിര്‍മാണക്കമ്പനികളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നത്. സിനിമ വന്‍ വിജയം നേടിയെങ്കിലും സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നു. സിറാജ് ഹമീദിന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസെടുത്തത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ ഹൈക്കോടതിയിലാണ്.

ഇതിനിടെ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍മാതാക്കള്‍ കരുതിക്കൂട്ടിത്തന്നെ സിറാജിനെ വഞ്ചിക്കുകയായിരുന്നു എന്ന് പറയുന്നുണ്ട്. ഏഴു കോടി രൂപ നിക്ഷേപിച്ചാല്‍ 40% ലാഭവിഹിതം നല്‍കാമെന്നായിരുന്നു പരാതിക്കാരനുമായി നിര്‍മാണ കമ്പനി ഉണ്ടാക്കിയ കരാര്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നായിരുന്നു 2022 നവംബര്‍ 30ന് കരാര്‍ ഒപ്പിടുമ്പോള്‍ നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ സമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ മാത്രമാണ് കഴിഞ്ഞിരുന്നത്.

26 തവണയായി 5.99 കോടി രൂപ അക്കൗണ്ട് വഴിയും ബാക്കി നേരിട്ടുമായി ആകെ 7 കോടി രൂപ പരാതിക്കാരന്‍ നിര്‍മാതാക്കള്‍ക്ക് നല്‍കി. വിതരണത്തിനും മാര്‍ക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചതില്‍നിന്നും ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ മാത്രമാണ് ചെലവായിട്ടുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയ്ക്ക് 250 കോടി രൂപയെങ്കിലും കുറഞ്ഞത് കിട്ടിയിട്ടുണ്ടെന്നും നിര്‍മാണച്ചെലവുകള്‍ കുറച്ചാല്‍ പോലും 100 കോടിയെങ്കിലും ലാഭമുണ്ടെന്നും കരാറനുസരിച്ച് തനിക്ക് 47 കോടിയെങ്കിലും ലഭിക്കേണ്ടതുണ്ടെന്നുമാണ് സിറാജിന്റെ വാദം.

Author Image

Online Desk

View all posts

Advertisement

.