ചോദ്യപേപ്പർ അച്ചടിക്കാൻ പണമില്ല; വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കി. ഒരു വിദ്യാർത്ഥി പത്തു രൂപ വീതം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ പറയുന്നത്. ഇത്തരത്തിൽ ആദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്.
എസ്‌സി- എസ്ടി, ഒഇസി വിദ്യാർഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.
ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കുക. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അധ്യാപക സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിയുടെ നീക്കം.