ഫെഡറല്‍ ബാങ്കിന്റെ എട്ടാമത് സ്‌കില്‍ അക്കാദമി ഗുവഹട്ടിയില്‍ ആരംഭിച്ചു
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ എട്ടാമത് സ്‌കില്‍ അകാദമി ഗുവഹട്ടിയിലെ ഖാര്‍ഘുലി ജെയ്‌പൂരിലുളള ഡോണ്‍ ബോസ്‌കോ ഇൻസ്റ്റിട്യൂട്ടിൽ പ്രവര്‍ത്തനമാരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവജനങ്ങൾക്ക് നൈപുണ്യപരിശീലനം നൽകാനും തൊഴിലവസരം ലഭ്യമാക്കാനും ഉദ്ദേശിച്ച് ബാങ്കിന്റെ കോര്‍പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ (സിഎസ്‌ആര്‍) പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട സംരംഭമാണ് ഫെഡറല്‍ സ്‌കിൽ അക്കാദമി.
ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ അക്കാദമിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് ഗ്രൂപ് പ്രസിഡന്റും സിഎഫ്‌ഒയുമായ വെങ്കടരാമന്‍ വെങ്കടേശ്വരന്‍ അധ്യക്ഷത വഹിച്ചു. ഗുവഹാട്ടി ആര്‍ച്ച് ബിഷപ് ജോണ്‍ മൂലച്ചിറ ആശീര്‍വാദം നടത്തി. ഡോണ്‍ ബോസ്‌കോ ഇൻസ്റ്റിട്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ക്ലീറ്റസ് സെബാസ്‌റ്റിയന്‍, ഫെഡറൽ ബാങ്ക് സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ സാബു ആര്‍ എസ്, സിഎസ്‌ആര്‍ മേധാവിയും വൈസ് പ്രസിഡന്റുമായ ഷാജി കെ വി, റീജണല്‍ മേധാവിയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ നോയല്‍ ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു.