വൈദ്യുതി നിരക്ക് കുടിശിക:
സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ളത് 3347.43 കോടി
തിരുവനന്തപുരം: വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി നിരക്ക് കുടിശിക പലിശ സഹിതം 3347.43 കോടി നൽകാനുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ മാത്രം കുടിശിക 2479 കോടിയാണ്. ഇത് പ്രതിമാസം അടയ്ക്കാത്തതിനാൽ 37 കോടി വെച്ച് വർധിക്കുകയാണെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
2022-23 സാമ്പത്തിക വർഷത്തെ കെഎസ്ഇബിയുടെ നഷ്ടമായ 1023.62 കോടിയിൽ 767.715 കോടി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി സംബ്ധിച്ച്കെഎസ്ഇബി ചെയർമാൻ പുറപ്പെടുവിച്ച കുറുപ്പിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഊർജവകുപ്പ് അഡീഷൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ഇബി നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലാണ്. 1180 കോടിയുടെ അധിക ചെലവും 11,000 കോടിയുടെ കടബാധ്യതയും ഉണ്ട്. പവർ എക്സേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥ കെഎസ്ഇബിക്ക് കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. പ്രതിദിനം അഞ്ച് കോടിയോളം രൂപ പവർ എക്സ്ചേഞ്ചിൽ ചെലവിടേണ്ടി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.