ബില്ലടക്കാത്തതിനെ തുടര്‍ന്ന് വിച്ഛേദിച്ച എറണാകുളം കളക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
കൊച്ചി: ബില്ലടക്കാത്തതിനെ തുടര്‍ന്ന് വിച്ഛേദിച്ച എറണാകുളം കളക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കെ.എസ്.ഇ.ബി. ബില്ലടക്കാത്തതിനെ തുടര്‍ന്ന് 30 ഓഫീസുകളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഇന്ന് കലക്ടറുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കെ.എസ്.ഇ.ബിയിലെ ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജില്ലാ സപ്ലൈ ഓഫിസ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, സര്‍വേ ഡപ്യൂട്ടി ഡയറക്ടറേറ്റ്, ഭക്ഷ്യ സുരക്ഷ ഡപ്യൂട്ടി കമ്മിഷണറേറ്റ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്, യുവജന ക്ഷേമ ഓഫിസ്, ട്രഷറി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം, ജില്ലാ ഓഡിറ്റ് വിഭാഗം, സഹകരണ ജോയിന്റ് റജിസ്ട്രാര്‍ ഓഫിസ്, ഇറിഗേഷന്‍ ഓഫിസ്, ഇലക്ഷന്‍ ഗോഡൗണും അനുബന്ധ വിഭാഗവും തുടങ്ങിയവയാണ് വൈദ്യുതി കണക്ഷന്‍ വിഛേദിച്ച പ്രധാന ഓഫിസുകള്‍. 57 ലക്ഷം രൂപ വിവിധ ഓഫീസുകള്‍ ചേര്‍ന്ന് കെ.എസ്.ഇ.ബി കുടിശ്ശികയായി നല്‍കാനുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.പലതവണ നോട്ടിസ് നല്‍കിയിരുന്നതായി വൈദ്യുതി സെക്ഷന്‍ അധികൃതര്‍ അറിയിച്ചു. ചീഫ് എന്‍ജിനീയറുടെ നിര്‍ദേശ പ്രകാരമാണ് വൈദ്യുതി വിഛേദിച്ചത്.