ശബ്ദത്തിലൂടെ ഇമെയില്‍ തയ്യാറാക്കാം; പുതിയ ഫീച്ചറുമായി ജിമെയില്‍
ശബ്ദം ഉപയോഗിച്ച് ഇമെയില്‍ സന്ദേശങ്ങള്‍ എഴുതാനാവുന്ന പുതിയ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ജിമെയില്‍. ദി എസ്പി ആൻഡ്രോയിഡ് വെബ്സൈറ്റില്‍ പങ്കുവെച്ച ബ്ലോഗ്പോസ്റ്റിലാണ് ഈ വിവരം ഉള്ളത്. ഏറ്റവും ജനപ്രിയമായ ഇമെയിൽ സേവനമാണ് ജിമെയിൽ. ജിമെയിൽ ഇതിനകം തന്നെ വിവിധ എഐ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ കീ ബോർഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാൻ ജിമെയില്‍ ആപ്പിനുള്ളില്‍ തന്നെ സജ്ജീകരിച്ച പുതിയ ഫീച്ചറിലൂടെ സാധിക്കും. ജിമെയിലിന്റെ 2023.12.31.599526178 ലാണ് ഇത് പരീക്ഷിച്ചത്. ഈ ഫീച്ചർ ലഭ്യമാവുന്നതോടെ, എപ്പോഴെല്ലാം ഒരു പുതിയ ഇമെയില്‍ എഴുതാൻ തുടങ്ങുന്നുവോ വോയ്സ് ടൈപ്പിങ് ഇന്റർഫെയ്സ് ഓട്ടോമാറ്റിക് ആയി തുറക്കും. വലിയ മൈക്ക് ബട്ടൻ അതില്‍ കാണാം. ഈ മൈക്കില്‍ ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ പറയുന്നതെല്ലാം ടെക്സ്റ്റ് ആക്കി മാറ്റും.
ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ 'ക്രിയേറ്റ്' ബട്ടൻ ടാപ്പ് ചെയ്യാം. റെക്കോർഡിങ് ഇന്റർഫെയ്സ് ക്ലോസ് ചെയ്താല്‍ 'ഡ്രാഫ്റ്റ് ഇമെയില്‍ വിത്ത് വോയ്സ്' എന്ന ഓപ്ഷൻ കാണാം. ഈ ഫീച്ചർ എല്ലാവർക്കുമായി ഗൂഗിള്‍ ലഭ്യമാക്കുമോ എന്ന് വ്യക്തമല്ല.