ജീവനക്കാരുടെ ആസ്തി, ബാധ്യതകള്‍ എന്നിവ രഹസ്യമല്ല; അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരും: മദ്രാസ് ഹൈക്കോടതി
ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും അടങ്ങിയ വിവരങ്ങൾ സ്വകാര്യവിവരമായി കാണാൻ കഴിയില്ലെന്നും അത് വിവരാവകാശത്തിന്റെ പരിധിയിലാണ് ഉള്ളതെന്നും മദ്രാസ് ഹൈക്കോടതി. പൊതുജനങ്ങളുടെ കണ്മുന്നിൽ നിൽക്കുന്നവരാണ് പൊതുജനസേവകരെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് രജിസ്റ്ററില്‍ ചില സ്വകാര്യവിവരങ്ങള്‍ കാണുമെങ്കിലും അവയെ മുഴുവനായി സ്വകാര്യമെന്നു പറഞ്ഞ് മാറ്റിനിർത്താൻ കഴിയില്ലെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്റെ ബെഞ്ച് വ്യക്തമാക്കി.
ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുപറയില്ല. എന്നാല്‍, സര്‍വീസ് വിവരങ്ങളും ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. കൃഷ്ണഗിരി ജില്ലയില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിചെയ്യുന്നയാളുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകരായ എം. തമിഴ്സെല്‍വനും ടി. സംഗീതയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.