നവീന്‍ ബാബുവും കണ്ണൂര്‍ കളക്ടറും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലായിരുന്നുവെന്ന് ജീവനക്കാരുടെ മൊഴി
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍ എ. ഗീത നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ കളക്ടറേറ്റ് ജീവനക്കാര്‍ നല്‍കിയ വിവരങ്ങളാണ് പുറത്തുവന്നത്. നവീന്‍ ബാബുവും കലക്ടറും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി.
നവീന്‍ ബാബു കണ്ണൂരില്‍ എ.ഡി.എം ആയി ജോലിയില്‍ പ്രവേശിച്ച ദിവസം അരമണിക്കൂര്‍ വൈകി എത്തിയതിന് കലക്ടര്‍ മെമ്മോ നല്‍കിയിരുന്നു. അന്നുമുതല്‍ അകല്‍ച്ചയിലായിരുന്നു ഇരുവരും. ഞായറാഴ്ച പോലും ജോലിക്ക് കയറാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇത് നവീന്‍ ബാബുവിന് മാനസിക വിഷമം ഉണ്ടാക്കിയിരുന്നതായും ജീവനക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കലക്ടറുമായി സംസാരിക്കാന്‍ പോലും നവീന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നവീന്‍ ബാബു തന്നെ വന്ന് കണ്ട് തനിക്കു തെറ്റു പറ്റിയെന്ന് പറഞ്ഞതായി കളക്ടര്‍ വാദിച്ചിരുന്നു. ഇത് തള്ളുന്നതാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.
കളക്ടറുമായി നവീന്‍ ബാബുവിന് യാതൊരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയും പറഞ്ഞിരുന്നു. കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയും സമാനരീതിയിലുള്ളതാണ്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന് കളക്ടറുടെ ക്ഷണമനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വാദം. ഇത് കലക്ടര്‍ നിഷേധിച്ചിരുന്നു.