ജീവനക്കാരെ ഇടതുഭരണം ചവിട്ടി തേക്കുന്നു: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ എൽ ഡി എഫ് സർക്കാർ ചവിട്ടിത്തേക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടുവർഷത്തെ എൽ ഡി എഫ് സർക്കാരിൻ്റെ പ്രവർത്തനം കണ്ടാൽ കേരളത്തിൽ ജീവനക്കാരായി ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും മാത്രമേ ഉള്ളൂ എന്ന് തോന്നും. കേവലം 50 ദിവസത്തിനുള്ളിൽ അവരുടെ മുഴുവൻ ഡി എ യും അനുവദിച്ചു. ഇതു സംബന്ധിച്ച് മാർച്ച് മസത്തിലും മെയ് മാസത്തിലും ഇറക്കിയ സർക്കാർ ഉത്തരവുകളിൽ എന്ന് മുതൽ ഡി എ അനുവദിക്കുന്നു എന്നും കുടിശ്ശിക എങ്ങനെ നൽകുന്നുവെന്നും കൃത്യമായി നിഷ്ക്കർഷിക്കുന്നുണ്ട്.എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബതയിൽ ഏഴു ഗഡു കുടിശ്ശികയായതിൽ കേവലം ഒരു ഗഡു മാത്രം അനുവദിച്ചും 39 മാസത്തെ അവരുടെ ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ചുമാണ് ഉത്തരവിറക്കിയത്.. ഇത്തരം ഉത്തരവിറക്കിയതിലൂടെ സർക്കാർ മറ്റ് ജീവനക്കാരോട് ചിറ്റമ്മനയമാണ് വച്ചു പുലർത്തുന്നത് എന്ന് വ്യക്തമാണ് .
സംസ്ഥാന സർക്കാർ ജീവനക്കാരാകട്ടെ അവരുടെ കണ്ണിൽ വെറും ഏഴാം കൂലികളാണ്.
തിരുവനന്തപുരംഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ക്ഷാമബത്തയും കുടിശ്ശികയും പണമായി അനുവദിച്ചും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 19 ശതമാനം ഡി.എ കുടിശ്ശികയാക്കിയും അവരുടെ പാത്രത്തിൽ പിച്ച നൽകിയും പിണറായി വിജയൻ സർക്കാർ യഥാർത്ഥ യജമാനഭക്തി കാണിക്കുകയാണ്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അവകാശം സംരക്ഷിക്കുന്നതിന് ഇടതുസർവീസ് സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകാത്ത പക്ഷം സേവന മേഖലയിൽ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ മിഥ്യയായി പരിണമിക്കുമെന്ന്
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി
തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.