ശമ്പള വിതരണത്തിലെ മാറ്റം ജീവനക്കാർ അംഗീകരിക്കില്ല: ചവറ ജയകുമാർ
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസും എൻ.ജി.ഒ അസോസിയേഷനും സംയുക്തമായി അച്ചടി വകുപ്പിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സെറ്റോ ചെയർമാൻ ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കേരള ചരിത്രത്തിലാധ്യമായാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ. ഒന്നാം തീയതി ബാങ്ക് വഴി ശമ്പളം എടുത്തിരുന്ന രീതിക്ക് ഈ മാസം മുതൽ സർക്കാർ മാറ്റം വരുത്തുകയാണ്. ഈ മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും എല്ലാ സർക്കാർ ജീവനക്കാർക്കും ഉടൻ തന്നെ ശമ്പളം വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസും എൻ.ജി.ഒ അസോസിയേഷനും സംയുക്തമായി അച്ചടി വകുപ്പിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈമാസം നാലാം തീയതിയായിട്ടും ഫെബ്രുവരി മാസത്തെ ശമ്പളം വന്നിട്ടില്ല. ഇങ്ങനെ ആയിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയുടെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ കരമന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വഞ്ചിയൂർ രാധാകൃഷ്ണൻ, എഡിസൺ, അനീഷ് കൃഷ്ണ, വൈ. സന്തോഷ് കുമാർ, അഭിലാഷ് എന്നിവർ സംസാരിച്ചു.