വർഷം 100 പേർക്ക് ജോലി; അസാപ് കേരളയും ജർമൻ കമ്പനി ഡിസ്പേസും കരാർ ഒപ്പുവച്ചു
ഡിസ്പേസ് ഇന്ത്യയിലെ ആദ്യ ഒഫീസ് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ തുറന്നു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ജർമൻ കമ്പനി ഡിസ്പേസിൽ ജോലി ഉറപ്പ്. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മെക്കട്രോണിക്സ് രംഗത്തെ ആഗോള പ്രശസ്തരായ ഡിസ്പേസുമായി അസാപ് കേരള ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. ഡിസ്പേസിന്റെ ഇന്ത്യയിലെ ആദ്യ പ്രവർത്തന കേന്ദ്രമാണ് കേരളത്തിലേത്.
ഡിസ്പേസിന് ആവശ്യമായ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർത്ഥികളെ അസാപ് കേരള നൽകും. പ്രത്യേക നൈപുണ്യ പരിശീലനവും നൽകും. അസാപിന്റെ നൈപുണ്യ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഈ പുതിയ അവസരം പ്രയോജനപ്പെടും. വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ കോഴ്സുകൾ രൂപകൽപ്പന ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും അസാപ് കേരളയുമായി ഡിസ്പേസ് ധാരണയിലെത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്സിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അസാപ് കേരള ചെയര്‍പേഴ്‌സണും എംഡിയുമായ ഡോ. ഉഷ ടൈറ്റസും ഡിസ്പേസ് എം.ഡി ഫ്രാന്‍ക്ലിന്‍ ജോര്‍ജും കരാറില്‍ ഒപ്പുവെച്ചു.
“ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന പിന്തുണയും നൈപുണ്യ വികസന രംഗത്തെ മികവും മികച്ച പ്രതിഭകളുടെ ലഭ്യതയുമാണ് കേരളത്തിലേക്ക് വിദേശ കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന്” ഇഷിത റോയ് പറഞ്ഞു. “നിരവധി വിദേശ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഡിസ്പേസുമായുള്ള അസാപിന്റെ പങ്കാളിത്തം കേരളത്തിലെ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നിടുമെന്നും” അവർ കൂട്ടിച്ചേർത്തു.
ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. രാജശ്രീ, എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. എ പ്രവീണ്‍, ഡിസ്പേസ് വൈസ് പ്രസിഡന്റ് എല്‍മര്‍ ഷ്മിത്സ്, അസാപ് കേരള പ്ലേസ്‌മെന്റ് വിഭാഗം മേധാവി ലൈജു ഐ.പി നായര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ബാസില്‍ അമാനുള്ള, പ്രോഗ്രാം മാനേജര്‍ കെ.ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.