സംസ്ഥാനത്ത് പരസ്യപ്രചരണത്തിന് സമാപനം; ഇനി നിശബ്ദ പ്രചാരണം, നാലു ജില്ലകളിൽ നിരോധനാജ്ഞ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയോടുകൂടി ആരംഭിച്ച അവസാനഘട്ട പ്രചാരണം വാദ്യമേള അകംമ്പടിയോടെ കൊട്ടിക്കലാശിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടത്. 40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെ
ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം, തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറുമണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക.
ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്. അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ല.
നിശബ്ദപ്രചാരണമാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.