വിരമിച്ചവർക്ക് വർധിപ്പിച്ച ഗ്രാറ്റുവിറ്റി നൽകണം; ധനമന്ത്രിക്ക് കെജിഒയു സംഘടന കത്തുനൽകി
തിരുവനന്തപുരം: സംസ്ഥാന സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് പുതുക്കിയ ക്ഷാമബത്ത പ്രകാരം ഗ്രാറ്റുവിറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ധനമന്ത്രി കെഎൻ ബാലഗോപാലിന് കത്തുനൽകി. 2021 ജൂലൈ ഒന്നുമുതൽ കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത ഏഴുശതമാനത്തിൽ നിന്നും ഒമ്പതു ശതമാനമായി ഈവർഷം ഏപ്രിൽ ഒന്നുമുതൽ ലഭിച്ചിരുന്നു. എന്നാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതാനായി പേപ്പറുകൾ തയ്യാറാക്കി അയക്കുന്ന സമയത്ത് ഏഴുശതമാനം ക്ഷാമബത്ത ആയിരുന്ന ജീവനക്കാർക്ക് ഈ നിരക്ക് കണക്കാക്കിയാണ് ഗ്രാറ്റുവിറ്റി അനുവദിച്ച് നൽകിയിട്ടുള്ളത്.
ഈ ജീവനക്കാർക്ക് 2021 ജൂലൈ ഒന്നുമുതൽ ഡിഎ ഒമ്പതു ശതമാനം ലഭിക്കാൻ അർഹതയുണ്ടെങ്കിലും ഗ്രാറ്റുവിറ്റി ഒമ്പത് ശതമാനം നിരക്കിൽ ലഭിച്ചിട്ടില്ലെന്ന് കെജിഒയു സംസ്ഥാന പ്രസിഡന്റ് കെ.സി സുബ്രഹ്മണ്യൻ കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ, അർഹതയുള്ള ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനാവശ്യമായ സർക്കാർ ഉത്തരവുണ്ടെങ്കിൽ മാത്രമേ 9 ശതമാനം അക്കൗണ്ടൻ്റ് ജനറൽ അനുവദിക്കുകയുള്ളു. അത് നൽകുന്നതിനുള്ള (ഗ്രാറ്റുവിറ്റി) നിർദ്ദേശത്തിനായി സർക്കാരിന് ഏറെ നാളുകളായി കത്ത് നൽകിയിട്ടും സർക്കാരിൽ നിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നാണ് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിരിക്കുന്നത്. അർഹതയുള്ള ഗ്രാറ്റുവിറ്റി അരിയർ ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.