കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ: മന്ത്രി രാജീവിന്റെ നടപടി അത്ര വലിയ തെറ്റല്ലെന്ന് ഇ.പി
തിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധമായ വായ്പകൾക്ക് ശ്രമിച്ചുവെന്ന ഇ.ഡി റിപ്പോർട്ടിൽ മന്ത്രി പി. രാജീവിനെ പിന്തുണച്ച് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ രാജീവ് സമ്മർദം ചെലുത്തിയെന്ന് കോടതിയിൽ നൽകിയ
സത്യവാങ്മൂലത്തിൽ ഇ.ഡി ചൂണ്ടിക്കാട്ടിയത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അങ്ങനെ ചെയ്യുന്നത് അത്രവലിയ തെറ്റാണോയെന്ന ചോദ്യം ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിൽ ഉയർത്തിയത്.
പി രാജീവ് തൃശ്ശൂർ ജില്ലക്കാരനാണ്. പിന്നീടാണ് എറണാകുളത്ത് വീട് വച്ചത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് രാജീവ് അങ്ങനെ ചെയ്‌തോയെന്ന് തനിക്ക് അറിയില്ല. ഇനി ചെയ്‌തെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്നും ഇപി ജയരാജൻ ചോദിച്ചു.
കേന്ദ്രത്തിന്‍റെ അവഗണനക്കും പ്രതികാര സമീപനത്തിനുമെതിരെ ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന ഡൽഹി പ്രക്ഷോഭത്തിന് ഇടതുമുന്നണി തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 11 ന് ജന്തർമന്തറിലാണ് സമരം. കേരള ഹൗസിന് മുന്നിൽനിന്ന് ജാഥയായി പുറപ്പെട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജന്തർമന്തറിൽ എത്തിച്ചേരുക. ഇടത് എം.എൽ.എമാരും എം.പിമാരും സമരത്തിൽ അണിനിരക്കുമെന്നും കേരളത്തിന്‍റെ പൊതുവിഷയം എന്നനിലയിൽ യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും പങ്കാളികളാകണമെന്നാണ് അഭ്യർഥനയെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് പങ്കാളിത്തം ഉറപ്പവരുത്തുന്നതിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിതന്നെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യു.ഡി.എഫിൽ ആലോചിച്ച് അഭിപ്രായം അറിയിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. യു.ഡി.എഫ് പങ്കാളിത്തം പ്രതീക്ഷിക്കുമ്പോഴും സമര തീയതിയടക്കം നിശ്ചയിച്ച് പ്രചാരണം തുടരാനാണ് ഇടതുമുന്നണി തീരുമാനം.