എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കം: ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം
കൊച്ചി: കുർബാന തർക്കത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം. വിശ്വാസികൾ തമ്മിലും സംഘർഷമുണ്ടായി. കഴിഞ്ഞദിവസം സെന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനായജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിശ്വാസികൾ തമ്മിലുള്ള സംഘർഷം ഉണ്ടായത്. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബിഷപ്പ് ഹൗസിലെ 21 വൈദികരാണ് അതിരൂപതയിൽ ജനാഭിമുഖ കുർബാനപക്ഷത്തുള്ളത്. ഇവരാണ് പ്രാർഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെൻഡ് ചെയ്ത നടപടി മാർ ബോസ്കോ പൂത്തൂർ പിൻവലിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്. വൈദികർ അരമനയിൽ കയറിയ ഉടൻ ഒരുകൂട്ടം വിശ്വാസികൾ പിന്തുണയുമായെത്തി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും എത്തിയതോടെ ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് സ്ഥലത്തെത്തി.