വിദ്യാർത്ഥി സംഘർഷം; എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുൾ റഹ്മാനു കുത്തേറ്റതിനു പിന്നാലെയാണ് കോളജ് അടച്ചത്. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളജ് അടച്ചിടാൻ തീരുമാനിച്ചത്.
അതേസമയം നാസര്‍ അബ്ദുള്‍ റഹ്മാനെ ആക്രമിച്ച കേസില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നിന് കോളജ് കാമ്പസില്‍ വച്ചായിരുന്നു സംഭവം. കൈയിലും കാലിലും വയറിലും പരിക്കേറ്റ നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമല്‍, ബിലാല്‍ എന്നീ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.