ബി എ ആളൂരിനെതിരെ പുതിയ പരാതിയുമായിഎറണാകുളം സ്വദേശി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പുതിയ പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നല്‍കിയത്. ബിസിനസ് കണ്‍സള്‍ട്ടേഷന്‍ ആവശ്യത്തിനായി നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നല്‍കിയില്ലെന്നാണ് യുവതിയുടെ പരാതി. ബിസിനസ് നിര്‍ത്തിയെന്നും പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തന്നില്ലെന്നാണ് പരാതി. പണം തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആളൂര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭൂമി കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അഡ്വ ബി എ ആളൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജനുവരി 31 ന് അഡ്വ. ആളൂരിന്റെ കൊച്ചിയിലെ ഓഫീസില്‍ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപടിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. കേസിന്റെ ആളൂര്‍ പലഘട്ടങ്ങളിലായി 7 ലക്ഷം രൂപ കൈപ്പറ്റിയെന്നും കൂടുതല്‍ തുക ചോദിച്ചത് കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സഹകരിച്ചാല്‍ മതിയെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. വസ്തു കേസ് വേഗത്തിലാക്കാന്‍ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാനെന്ന പേരിലാണ് 3 ലക്ഷം രൂപ ആഡ്വക്കറ്റ് ആളൂര്‍ വാങ്ങിയെന്നുമാണ് പരാതി. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോനയുണ്ടെന്നുമാണ് ആളൂരിന്റെ വാദം.