എറണാകുളത്തിന്റെ വികസനസാക്ഷ്യമായി"ഹൃദയത്തിൽ ഹൈബി"
കൊച്ചി: എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെയും പാർലമെന്ററി പ്രവർത്തനങ്ങളുടെയും നേർരേഖയായി "ഹൃദയത്തിൽ ഹൈബി" പ്രകാശനം ചെയ്തു. ടി.ജെ വിനോദ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ചലച്ചിത്രതാരം മണികണ്ഠനാണ് പ്രകാശനകർമം നിർവഹിച്ചത്. എം.പി എന്ന നിലയിലെ ഹൈബി ഈഡന്റെ പ്രവർത്തനങ്ങളുടെയും എറണാകുളത്തിന്റെ ഹൃദയത്തിൽ ഹൈബി ഈഡൻ സ്‌ഥാനം ഉറപ്പിച്ച വികസന ,ക്ഷേമ വഴികളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് "ഹൃദയത്തിൽ ഹൈബി".
ഹൈബി ഈഡന്റെ പ്രളയകാല പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഹൃദ്രോഗികൾക്ക് സൗജന്യ ആന്ജിയോപ്ലാസ്റ്റി ചെയ്ത ഹൃദയത്തിൽ ഹൈബി ഈഡൻ പദ്ധതിയും സൗഖ്യം, കപ്പ് ഓഫ് ലൈഫ് തുടങ്ങിയ ഔട്ട് റീച്ച് പദ്ധതികളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം.പി ഫണ്ട് ചെലവഴിച്ച് നടത്തിയ പദ്ധതികളും ഇതിൽ വിവരിച്ചിട്ടുണ്ട്.ഹൈബി ഈഡൻ എന്നത് തന്റെ ഹൃദയത്തിൽ എഴുതിയ വാക്കുകളാണെന്ന് നടൻ മണികണ്ഠൻ പറഞ്ഞു. എം.പി ആയല്ല സാദാ മനുഷ്യനെയാണ് പ്രളയ കാലത്തും കോവിഡ് കാലത്തുമെല്ലാം ഹൈബിയെ കാണാനായത്. എന്റെ രാഷ്ട്രീയത്തിൽ മാറ്റമില്ല, എന്റെയും ഹൈബിയുടെയും രാഷ്ട്രീയ ചിന്തകളും അറിവുകളും വ്യത്യസ്തമാണ്. പക്ഷെ മാനുഷിക മുഖം ആവശ്യമായ എല്ലാ സന്ദർഭങ്ങളിലും ഹൈബി ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു, മണികണ്ഠൻ പറഞ്ഞു.
മത്സരം അതിന്റെ രീതിയിൽ നടക്കട്ടെയെന്നും ഹൈബിയും താനുമായുള്ള സൗഹൃദത്തെ അതൊന്നും ബാധിക്കില്ലെന്നും മണികണ്ഠൻ പറഞ്ഞു. നാടിനാവശ്യമായ പലകാര്യങ്ങളിലും ഹൈബിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.റോഡിനും കാനയ്ക്കും പണം അനുവദിച്ച പട്ടികയല്ല പുസ്തകത്തിൽ ഉള്ളതെന്നും പദ്ധതികളുടെയും സവിശേഷതയും പ്രാധാന്യവും അറിയിക്കുന്നതാണ് പുസ്തകമെന്നും ഹൈബി ഈഡൻ പറഞ്ഞു. ജനോപകാരപ്രദമായ നേട്ടങ്ങളൊന്നും എന്റെ സ്വന്തമല്ല. പുസ്തകത്തിന്റെ പുറംചട്ട ബോധപൂർവം കറുപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ ഇന്നിന്റെ രാഷ്ട്രീയം വിളിച്ചു പറയുകയാണെന്നും ഹൈബി പറഞ്ഞു.