For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പൂരം കലക്കിയത് അന്വേഷിച്ചാൽ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പോലും പ്രതിയാകും ; പ്രതിപക്ഷ നേതാവ്

05:43 PM Sep 20, 2024 IST | Online Desk
പൂരം കലക്കിയത് അന്വേഷിച്ചാൽ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പോലും പ്രതിയാകും   പ്രതിപക്ഷ നേതാവ്
Advertisement

കൊച്ചി: തൃശ്ശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പോലും പ്രതിയാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം കലക്കിയതിൽ അന്വേഷണം നടന്നില്ലെന്നത് മുഖ്യമന്ത്രിക്കു തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണമാണ് വിവരാവകാശ നിയമ പ്രകാരം ഇല്ലെന്നു വ്യക്തമായത്. പൂരം കലക്കിയ ശേഷം അന്വേഷണം നടത്തുമെന്ന് പറഞ്ഞത് എല്ലാവരും മറന്നു പോകുമെന്നാണ് മുഖ്യമന്ത്രി കരുതിയതെന്നും പ്രതിപക്ഷ
നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്കും പ്രധാന പങ്കുണ്ട്. എഡിജിപിയെ ഉപയോഗിച്ചാണ്
മുഖ്യമന്ത്രി പൂരം കലക്കിയത്. പൂരം കലക്കിയതിന് മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ടി വരും. ഇല്ലെങ്കിലും പറയിക്കും. പൂരം
കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്
മുന്നിൽ കൊണ്ടുവരണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

Advertisement

എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ഒരു മണിക്കൂറാണ് സംസാരിച്ചത്. അതിനു പിന്നാലെ മറ്റൊരു ആർഎസ്എസ് നേതാവുമായി തിരുവനന്തപുരത്തും സംസാരിച്ചു. എന്നാൽ ഇതേപ്പറ്റി സർക്കാർ നിശബ്‌ദത പാലിക്കുകയാണെന്നും ഒരു അന്വേഷണവുമില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

അന്വേഷണങ്ങളെല്ലാം സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രഹസനങ്ങളാണ്. രഹസ്യങ്ങൾ പുറത്താകുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും അലട്ടുന്നത്. അതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എഡിജിപി അതേ സ്ഥാനത്ത് ഇരിക്കുന്നത്. ഉദ്യോഗസ്ഥരെയെല്ലാം മുഖ്യമന്ത്രി ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർക്കെതിരെ നടപടിയെടുക്കാൻ
ഭയമെന്നും വിഡിസതീശൻ ആരോപിച്ചു.

15 ദിവസമായി ഒരു സിപിഎം എംഎൽഎ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ചെറുവിരൽ അനക്കാനായില്ല. അയാളെയും മുഖ്യമന്ത്രിക്ക് ഭയമാണ്. ഇരട്ടച്ചങ്കനാണെന്നാണ് ആദ്യ പറഞ്ഞതെങ്കിലും മുഖ്യമന്ത്രി ഇപ്പോൾ എല്ലാവരെയും ഭയക്കുകയാണ്. മാധ്യമ പ്രവർത്തകരോട് പോലും മുഖ്യമന്ത്രി സംസാരിക്കുന്നില്ല. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണോ? ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും രാഷ്ട്രീയ മറുപടി പോലും മുഖ്യമന്ത്രിക്കില്ലെന്നും സതീശൻ പറഞ്ഞു.

കേരളത്തിന് അപമാനകരമായ കൊലപാതകമായിരുന്നു അരിയിൽ ഷുക്കൂറിന്റേത്. ഒരു കുടുംബത്തിന്റെ എല്ലാമായിരുന്ന ചെറുപ്പക്കാരനെയാണ് പരസ്യമായി വിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് രാഷ്ട്രീയ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടണം. സിപിഎം നേതാക്കൾ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും എവിടെ രാഷ്ട്രീയ കൊലപാതകം നടന്നാലും അതിനു പിന്നിൽ നടന്ന ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags :
Author Image

Online Desk

View all posts

Advertisement

.