ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ട് പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാൻ വന്നില്ല; ഒളിമ്പ്യൻ പിആർ ശ്രീജേഷ്
കൊച്ചി: ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹോക്കി താരം പിആർ ശ്രീജേഷ്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാൻ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചശേഷമായിരുന്നു ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായ ശ്രീജേഷിന്റെ പ്രതികരണം.
ബംഗാൾ ഗവർണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടിൽ എത്തുന്നതെന്നും അദ്ദേഹം വന്നതിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സർക്കാരിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാൾ ഗവർണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല. അപ്പോൾ അത്രമാത്രം പ്രതീക്ഷിച്ചാൽ മതിയല്ലോ എന്നും ശ്രീജേഷ് പറഞ്ഞു.