'എല്ലാവര്‍ക്കും വേണ്ടത് പണമാണ് '; ഡോ.ഷഹന ജീവനൊടുക്കിയത് സുഹൃത്ത് വിവാഹ വാഗ്ഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വനിത യുവ ഡോക്ടറെ വാടക ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ വിവാഹ വാഗ്ദാനത്തില്‍ പൊലീസ് അന്വേഷണം നടത്തും. ആരോപണ വിധേയനായ യുവ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തേയ്ക്കും. കേസൊതുക്കി തീര്‍ത്താല്‍ ഇതൊരു വെറും ആത്മഹത്യാക്കേസാകും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ചോദിക്കുന്നതും കുറ്റമാണ്. അതിലേക്ക് അന്വേഷണം കടക്കുമോ എന്നതാണ് നിര്‍ണ്ണായകം. പി ജി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ഡോക്ടര്‍ക്കെതിരെയാണ് പരാതി.
സര്‍ജറി വിഭാഗത്തില്‍ രണ്ടാംവര്‍ഷ പി.ജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകള്‍ ഷഹ്ന. എ.ജെയാണ് (27) മരിച്ചത്. അനസ്തേഷ്യ മരുന്ന് വീര്യംകൂടിയ അളവില്‍ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ നിന്ന് മരുന്നുകുപ്പിയും സിറിഞ്ചും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. ബന്ധുക്കളാണ് വിവാഹ വാഗ്ദാനവും സ്ത്രീധനവും ചര്‍ച്ചയാക്കിയത്. ആത്മഹത്യാ കുറിപ്പിലും സൂചനയുണ്ട്. അതുകൊണ്ടാണ് ഡോക്ടറെ ചോദ്യം ചെയ്യുന്നത്.