പ്രക്ഷോഭത്തിനായി പരീക്ഷ മാറ്റിവെയ്ക്കണം:
എസ്എഫ്ഐക്കാർ പരീക്ഷാ കൺട്രോളറെ തടഞ്ഞു
തിരുവനന്തപുരം: ഏപ്രിൽ 16ന് ആരംഭിക്കുന്ന ബി.എ, ബി.എസ്.സി, ബികോം മൂന്നാം സെമെസ്റ്റർ പരീക്ഷകൾ മാറ്റി വയ്ക്കാണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ കേരള സർവകലാശാല പരീക്ഷ കൺട്രോളറെ തടഞ്ഞുവെച്ചു. യുവജനോത്സവത്തിന് തയ്യാറെടുപ്പ് നടത്തേണ്ട സമയത്ത് പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയായിരുന്നു പ്രതിഷേധം. അതേസമയം, 16ന് പരീക്ഷ നടത്തിയാൽ എസ്എഫ്ഐ നടത്താൻ ആലോചിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആളുകുറയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവെയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്നതെന്നാണ് ആരോപണം. അതേദിവസമാണ് വൈസ് ചാൻസലറെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ സെനറ്റ് കൂടുന്നത്. ആ ദിവസം എസ്എഫ്ഐ വിദ്യാർത്ഥി പ്രക്ഷോഭം പ്ലാൻ ചെയ്തിരിക്കുകയാണ്.
അതേസമയം, പരീക്ഷ നീട്ടി വയ്ക്കുന്നത് കോഴ്സ് കാലാവധി നീളാൻ കാരണമാകുമെന്നും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളുടെയും താത്പര്യം കണക്കിലെടുത്താണ് പരീക്ഷാ തീയതികൾ നിശ്ചയിച്ചെതെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതരുടെ നിലപാട്. തിങ്കളാഴ്ച വൈസ് ചാൻസലർ എത്തിയ ശേഷം ആവശ്യം പരിഗണിക്കാമെന്ന നിർദ്ദേശം എസ്എഫ്ഐക്കാർ അംഗീകരിച്ചില്ല. പരീക്ഷ മാറ്റിവയ്ക്കുന്നത് വരെ സമരം തുടരാനാണ് എസ്എഫ്ഐയുടെ നിലപാട്.