എക്സൈസിലും മാസപ്പടി; ഉദ്യോഗസ്ഥർക്ക് താക്കീതുമായി കമ്മീഷണർ
തിരുവനന്തപുരം: ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് ഉടമകളിൽ നിന്നും മാസപ്പടി വാങ്ങുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന താക്കീതുമായി എക്സൈസ് കമ്മീഷണറുടെ സർക്കുലർ. മാസപ്പടി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെയും മേലുദ്യോഗസ്ഥനെതിരെയും നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ചാണ് സർക്കുലർ. തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർക്കിടയില്‍ അനഭിലഷണീയമായ പ്രവണതകൾ വർധിക്കുകയാണെന്ന് കമ്മിഷണറുടെ സർക്കുലറിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിച്ച് ഒത്താശ ചെയ്യുന്നതിനുള്ള പ്രതിഫലമായി മാസപ്പടിയായും സേവനമായും ഉദ്യോഗസ്ഥർ പ്രതിഫലം കൈപ്പറ്റുന്നു. ബാർ ഹോട്ടലുകൾ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ഫീസ് അടച്ച് ഒന്നിലധികം സർവീസ് ഡെസ്കുകൾക്ക് അനുവാദം നൽകിയിട്ടുള്ള ബാറുകളിൽ സർവീസ് ഡെസ്കുകൾ ബാർ കൗണ്ടറിനു സമാനമായ രീതിയിൽ മദ്യം പ്രദർശിപ്പിച്ച് ബാർ കൗണ്ടറായി പ്രവർത്തിക്കുന്നത് ഒഴിവാക്കണം.
നിയമാനുസൃതമുള്ള പിഴയൊടുക്കി ക്രമീകരിക്കാത്ത അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം. ബാറുകളിൽ റജിസ്റ്ററുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബാർ ഹോട്ടലുകളിലെ കൗണ്ടറുകളിൽനിന്നും മദ്യ സാംപിള്‍ ശേഖരിക്കണം. അനധികൃതമായി ഡിജെ പാർട്ടികളും നിശാപാർട്ടികളും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൃത്രിമ കള്ള് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എക്സൈസ് കമ്മിഷണർ നിർദേശിച്ചു. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് കമ്മിഷണർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലും കമ്മീഷണർ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.