30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ സാധിച്ചില്ല; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍ റഹ്മാന്‍
വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍.ഭാര്യ സൈറയുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എക്സിലൂടെ പ്രതികരിച്ചത്. ഈ ബന്ധം30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും എ. ആര്‍ റഹ്മാന്‍ കുറിച്ചു.
'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി ', എ.ആര്‍.റഹ്മാന്‍ കുറിച്ചു.
സൈറയും വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നുമായിരുന്നു പങ്കുവെച്ച വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞത്.
1995-ലാണ് എ.ആര്‍. റഹ്മാനും സൈറയും വിവാഹിതരാവുന്നത്. നീണ്ട 29 വര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഖദീജ റഹ്മാന്‍, റഹീമ റഹ്മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍