ചെറു ധാന്യങ്ങളുടെ കയറ്റുമതി സാധ്യതയേറുന്നു
മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി അഗ്രിക്കൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി (എപിഇഡിഎ- APEDA). ഇതിൻ്റെ തുടക്കമെന്നോണം ഗൾഫ് സഹകരണ രാജ്യങ്ങളി (ജി.സി.സി) ലേക്കുള്ള മില്ലറ്റ് കയറ്റുമതി സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം ലുലു ഹൈപ്പർ മാർക്കറ്റുമായി എപിഇഡിഎ ഒപ്പുവെച്ചിരിക്കുന്നു. 2023 വർഷം മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കപ്പെട്ടിരുന്നു. ധാരണ പ്രകാരം ചെറുധാന്യഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ്നടത്തുന്നതായിരിക്കും. ഇതിനായി ചെറു ധാന്യങ്ങൾ, അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ, റെഡി ടു ഈറ്റ് വിഭവങ്ങൾ എന്നിവ സംഭരിക്കും. കർഷകരുടെ ഉത്പാദക കമ്പനികൾ, വനിതാസംരംഭകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരെ സംഭരണത്തിനായി ആശ്രയിക്കേണ്ടി വരുന്നത് അവർക്ക് പ്രോത്സാഹനമാകും. ഇവരുടെ ഉത്പന്നങ്ങൾ സംഭരിച്ച് രാജ്യാന്തര വിൽപന ശൃംഖലകളിൽ പ്രദർശിപ്പിക്കും. മില്ലറ്റ് ഉൽപ്പന്നങ്ങളുടെ വിവിധ സാമ്പിളുകൾ ലുലു സ്റ്റോറുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. വിവിധ രാജ്യങ്ങളുടെ ഇറക്കുമതി ആവശ്യകതയ്ക്ക് അനുസൃതമായി ഉല്പനങ്ങൾ ലേബൽ ചെയ്യുന്നതിനുള്ള സഹായമായിരിക്കും എപിഡിഎ നൽകുന്നത്. എന്തായാലും കർഷകരെ സംബന്ധിച്ചടത്തോളം വിദേശ വിപണികളിൽ എത്തിപ്പെടാനുള്ള അവസരം ഉത്പാദനത്തിന് പ്രോൽസാഹനം നൽകുന്നതായിരിക്കും.