വ്യാജ വാർത്ത; മറിയകുട്ടിക്ക് മുന്നിൽ മാപ്പിരന്ന് ദേശാഭിമാനി
തിരുവനന്തപുരം: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധ സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വ്യാജവാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മകൾ വിദേശത്തെന്ന വാർത്തയിലും ഖേദപ്രകടിപ്പിച്ചു. വ്യാജ വാർത്തയ്ക്കും സൈബർ ആക്രമണങ്ങൾക്കെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു ഇതിനു പിന്നാലെയാണ് ദേശാഭിമാനി പരസ്യമായി മാപ്പ് പറഞ്ഞത്.
അഞ്ചുമാസത്തോളമായി വിധവാ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് മികച്ച സാമ്പത്തിക സ്ഥിതിയുണ്ടെന്നും രണ്ടു വീടും ഏക്കർ കണക്കിന് ഭൂമി ഉണ്ടെന്നും ദേശാഭിമാനി വ്യാജ വാർത്ത നൽകിയതിന് പിന്നാലെ ഇവർക്ക് എതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് മറിയക്കുട്ടിയുടെ നീക്കം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ദേശാഭിമാനിയുടെ ഖേദപ്രകടനത്തിന് ശേഷവും വിഷയത്തില്‍ കോടതിയിലേക്കെന്ന ഉറച്ച നിലപാടിലാണ് മറയിക്കുട്ടിയമ്മ. ഖേദപ്രകടനം കൊണ്ട് കാര്യമില്ലെന്നും അതില്‍ ആത്മാര്‍ത്ഥതയില്ല. തന്നോട് ചോദിക്കേണ്ടിയിരുന്നില്ലേ. കോടതിയില്‍ പോകും, മറിയക്കുട്ടി വ്യക്തമാക്കി.
സ്വത്തുണ്ടെന്നും മകള്‍ വിദേശത്താണെന്നും നേരത്തെ സൈബര്‍ ഇടങ്ങളില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. ഈ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് ദേശാഭിമാനിയും സമാനമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജില്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കുകയായിരുന്നു. തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും താന്‍ വില്ലേജ് ഓഫീസില്‍ പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി നിലപാട് സ്വീകരിച്ചു.മറിയക്കുട്ടി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയില്‍ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസര്‍ ബിജുവും വ്യക്തമാക്കിയിരുന്നു. സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലില്‍ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ദേശാഭിമാനി വാർത്ത. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അടിമാലി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി അമേരിക്കയിൽ ആണെന്നും ഇടത് സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ചിരുന്നു.